ആണവായുധം പ്രയോഗിക്കുമെന്ന ഭീഷണിയുമായി ഉത്തര കൊറിയ; ദക്ഷിണ കൊറിയക്കും അമേരിക്കക്കും മുന്നറിയിപ്പ്

സിയോൾ: ശത്രുക്കള്‍ സൈനികാക്രമണം നടത്തിയാല്‍ മുഴുവന്‍ശേഷിയും പ്രയോഗിച്ച് പ്രതിരോധിക്കുമെന്നും ആണവായുധം ഉപയോഗിക്കാന്‍ മടിക്കില്ലെന്നും ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്‍. സൈനികമായി തന്റെ രാജ്യത്തെ വൻശക്തിയാക്കാനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദക്ഷിണ കൊറിയക്കും അമേരിക്കക്കും മുന്നറിയിപ്പായാണ് കിം ജോങ് ഉന്‍ യൂനിവേഴ്സിറ്റി ഓഫ് നാഷനല്‍ ഡിഫന്‍സില്‍ നടത്തിയ പ്രസംഗത്തിലെ ഈ പ്രഖ്യാപനം. ഇരുരാജ്യങ്ങളും പ്രകോപനമുണ്ടാക്കുകയാണെന്നും വിദ്വേഷം പടര്‍ത്താന്‍ ശ്രമിക്കുകയാണെന്നും കുറ്റപ്പെടുത്തുകയും ചെയ്തു.

അടുത്തിടെ, ദക്ഷിണ കൊറിയയും അമേരിക്കയും പുതിയ കരാറില്‍ ഒപ്പുവെച്ചിരുന്നു. ഉത്തര കൊറിയയുടെ ആണവായുധ ഭീഷണിയെ നേരിടുന്നതിന്റെ ഭാഗമാണിതെന്നാണ് വിലയിരുത്തുന്നത്.

അതിനിടെ, റഷ്യൻ പ്രസിഡന്റിന് ജന്മദിനാശംസ നേർന്ന കിം, വ്ലാദിമിർ പുടിനെ തന്റെ ഏറ്റവും അടുത്ത സഖാവെന്ന് വിശേഷിപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയ തലത്തിലേക്ക് ഉയർത്തുമെന്നും കൂട്ടിച്ചേർത്തു.

ഈ വർഷമാദ്യം പുടിനും കിമ്മും ഒപ്പുവെച്ച കരാറിൽ, റഷ്യയെയോ ഉത്തരകൊറിയയെയോ ഏതെങ്കിലും രാജ്യം ആക്രമിക്കുകയാണെങ്കിൽ പരസ്പരം സഹായിക്കുമെന്ന് പ്രതിജ്ഞയെടുത്തിരുന്നു. ശേഷം, യുക്രെയ്‌നിനെതിരായ യുദ്ധത്തിൽ, റഷ്യയുടെ സാമ്പത്തിക, സാങ്കേതിക സഹകരണത്തിന് പകരമായി കിം ആയുധങ്ങൾ നൽകി സഹായിച്ചെന്ന് ആരോപണം ഉയർന്നിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.