ഗസ്സ സിറ്റി: ഗസ്സയിലെ ഇസ്രായേൽ കുരുതി ഒരു മാസം പിന്നിടാനിരിക്കെ ഹൃദയഭേദക കാഴ്ചകൾ മാത്രം ബാക്കിയാക്കി വടക്കൻ മേഖല. കെട്ടിടങ്ങളിലേറെയും നാമാവശേഷമാക്കിയ ആക്രമണങ്ങളെ തുടർന്ന് 10 ചതുരശ്ര കിലോമീറ്റർ പരിധിയിൽ മാത്രം 1,000ലേറെ കൂറ്റൻ ഗർത്തങ്ങൾ രൂപപ്പെട്ടതായി ഉപഗ്രഹദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ഇവയിൽ നൂറോളം ഗർത്തങ്ങൾ 45 അടി വരെ താഴ്ചയുള്ളവയാണ്. ഇവിടെ നിരവധി ആശുപത്രികളും സ്കൂളുകളും നേരിട്ടോ പരിസരത്തോ നടന്ന ബോംബിങ്ങിൽ ഉപയോഗശൂന്യമായി മാറിയിട്ടുണ്ട്. 200ലേറെ സ്കൂളുകൾ മാത്രം ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ 40ഉം പൂർണമായി തകർന്നവയാണ്. രാജ്യാന്തര യുദ്ധനിയമപ്രകാരം വിദ്യാലയങ്ങളും ആശുപത്രികളും സംരക്ഷിക്കപ്പെടണമെന്നിരിക്കെയാണ് ഒട്ടും മാനുഷികത തീണ്ടാതെ ആക്രമണം. 9500 പേർ നിലവിൽ കൊല്ലപ്പെട്ടതിൽ മഹാഭൂരിപക്ഷവും ഇസ്രായേൽ ബോംബാക്രമണത്തിൽ ജീവൻ പൊലിഞ്ഞവരാണ്. അവരുടെ താമസകേന്ദ്രങ്ങൾ വേറെ.
ആദ്യ ആഴ്ചയിൽ മാത്രം 6,000 ബോംബുകൾ വർഷിച്ചതായി ഇസ്രായേൽ സ്ഥിരീകരിച്ചിരുന്നു. പിന്നീട്, പ്രതിച്ഛായ നഷ്ടം ഭയന്ന് എണ്ണം പറയുന്നത് നിർത്തി ആക്രമിച്ച കേന്ദ്രങ്ങൾ എണ്ണലായി മാറിയിട്ടുണ്ട്. ഒരാഴ്ച മുമ്പ് 12,000 കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്നായിരുന്നു വെളിപ്പെടുത്തൽ. കഴിഞ്ഞ ഒരാഴ്ചക്കിടെ 18,000 ടൺ ബോംബുകൾ ഇസ്രായേൽ ഗസ്സയിൽ വർഷിച്ചതായി ഫലസ്തീൻ അധികൃതർ പറയുന്നു. അമേരിക്കയുടെ എം.കെ80 വിഭാഗത്തിൽ പെട്ടവയാണ് പ്രധാനമായും ഈ ബോംബുകൾ. മുമ്പ് വിയറ്റ്നാം യുദ്ധത്തിൽ ഉപയോഗിച്ചു തുടങ്ങിയ ഇവയുടെ നവീകരിച്ച അത്യാധുനിക രൂപമാണ് നിലവിൽ ഉപയോഗിച്ചുവരുന്നത്. ഏറ്റവും ചെറുത് 120 കിലോ മുതൽ 1,000 കിലോവരെയുള്ളവയാണ് ഓരോ ബോംബും. ബോംബിടാൻ ഉപയോഗിക്കുന്ന എഫ്-16 വിമാനങ്ങൾ മാത്രം 170 എണ്ണമുണ്ട് ഇസ്രായേൽ വശം. ഗസ്സക്ക് 100 കിലോമീറ്റർ പരിധിയിലായി ഏഴ് വ്യോമതാവളങ്ങളും. വേണ്ടത്രയും അതിലധികവും സാമ്പത്തികമായി സഹായിച്ച് യു.എസും, ഏത് മഹാക്രൂരതയും ശരിയെന്ന് ഉറപ്പിക്കാൻ നാറ്റോ ശക്തികളുമുള്ളപ്പോൾ വരും നാളുകളിലും ഇസ്രായേൽ ബോംബുകൾ ഇതിലേറെ പ്രഹര ശേഷി കാട്ടുകയേയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.