ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട മാതാവിനെ ഓർത്ത് വിലപിച്ച് ഫലസ്തീൻ യുവാവ്. കബറടക്കാനായി തയാറാക്കിയ മാതാവിന്‍റെ മൃതദേഹത്തെ കെട്ടിപിടിച്ചും സമീപത്തിരുന്നും കരയുന്ന യുവാവിന്‍റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
“എന്‍റെ ആത്മാവ് മുറിച്ചുമാറ്റപ്പെട്ടു. എന്‍റെ സ്നേഹനിധിയേ, നിന്‍റെ കണ്ണുകളാലാണ് ഞാൻ വെളിച്ചം കണ്ടിരുന്നത്” യുവാവ് വിതുമ്പി കൊണ്ട് പറഞ്ഞു. സെൻട്രൽ ഗാസ മുനമ്പിലെ മഗാസി അഭയാർഥി ക്യാമ്പിലെ ഒരു ബഹുനില വീടിന് നേരെയാണ് ഇസ്രായേൽ ബോംബ് ആക്രമണം നടത്തിയത്.
അതേസമയം, ഇസ്രായേൽ കൂട്ടക്കുരുതിയിൽ ഫലസ്തീനിലെ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 9000 കടന്നു. 9,061 മരിച്ചതായി ഗസ്സ ആരോഗ്യ മന്ത്രാലയം വക്താവ് അറിയിച്ചു. കൊല്ലപ്പെട്ടതിൽ 3,760 പേർ കുട്ടികളും 2326 പേർ സ്ത്രീകളുമാണ്. പരിക്കേറ്റവരുടെ എണ്ണം 32,000. ഇതിൽ 6360 കുട്ടികളും 4891 സ്ത്രീകളും ഉൾപ്പെടുന്നു.
ഇസ്രായേലിന്‍റെ വ്യോമാക്രമണത്തിൽ ഇന്ന് മാത്രം 256 പേർ കൊല്ലപ്പെട്ടു. ഇസ്രായേൽ ആക്രമണം ആരംഭിച്ചത് മുതൽ 10 മിനിട്ടിൽ ഒരു കുട്ടി വീതം കൊല്ലപ്പെടുന്നു. ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ ഗസ്സയിൽ 1020 കുട്ടികൾ ഉൾപ്പെടെ 2030 പേരെ കാണാതായി. 4000 പേർ ഇസ്രായേലിന്‍റെ തടങ്കലിലാണ്.
ഇസ്രായേൽ അധിനിവേശ വെസ്റ്റ് ബാങ്കിൽ 132 പേർ കൊല്ലപ്പെട്ടു. 2000 പേർക്ക് പരിക്കേറ്റു. 1900 പേരെ ഇസ്രായേൽ തടങ്കലിലാണ്. രണ്ടു തടവുകാർ ഇസ്രായേൽ കസ്റ്റഡിയിൽ കൊല്ലപ്പെട്ടു. 2600 പേരെ കാണാനില്ലെന്ന വിവരം അൽ ശിഫ ആശുപത്രിക്ക് ലഭിച്ചിട്ടുണ്ട്. ഇതിൽ 1150 പേർ കുട്ടികളാണ്. ഇസ്രായേൽ തകർത്ത കെട്ടിടങ്ങൾക്ക് അടിയിൽ കുടുങ്ങിയവരും കാണാതായവരിൽ ഉൾപ്പെട്ടേക്കും. നിലവിൽ 135 ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടു. 25 ആംബുലൻസുകളും തകർത്തിട്ടുണ്ട്. കൂടാതെ, ഗസ്സയിലെ 16 ആശുപത്രികളും 32 മെഡിക്കൽ കെയർ സംവിധാനങ്ങളും പ്രവർത്തനരഹിതമാണ്.
കരയുദ്ധത്തിൽ ഇതുവരെ ലഫ്. കേണൽ അടക്കം 18 സൈനികർ കൊല്ലപ്പെട്ടതായും നിരവധി കവചിത വാഹനങ്ങൾ തകർന്നതായും ഇസ്രായേൽ സൈന്യം അറിയിച്ചു. ഹമാസിന്റെ ചെറുത്തുനില്പിൽ ഇസ്രായേൽ സേനയുടെ 53ാം ബറ്റാലിയൻ കമാൻഡർ ലഫ്. കേണൽ സൽമാൻ ഹബാകക്കാണ് ജീവൻ നഷ്ടമായത്. യുദ്ധം തുടങ്ങിയശേഷം കൊല്ലപ്പെടുന്ന ഏറ്റവും മുതിർന്ന സൈനിക ഓഫിസറാണ് ഇദ്ദേഹം. നാലു സൈനികർക്ക് ഗുരുതര പരിക്കേറ്റിട്ടുമുണ്ട്.
കൊളംബിയ, ചിലി, ജോർഡൻ എന്നീ രാജ്യങ്ങൾക്കു പിന്നാലെ ബഹ്റൈനും ഇസ്രായേൽ സ്ഥാനപതിയെ പിൻവലിച്ചു. ഇസ്രായേലുമായുള്ള വ്യാപാരബന്ധവും നിർത്തി. ബൊളീവിയ കഴിഞ്ഞദിവസം നയതന്ത്രബന്ധം വിച്ഛേദിച്ചിരുന്നു. വെസ്റ്റ്ബാങ്കിൽ വ്യാപക പരിശോധന തുടരുന്ന ഇസ്രായേൽ സേന 49 പേരെ അറസ്റ്റ് ചെയ്തു. 21 പേർ ഹമാസ് പോരാളികളാണെന്നാണ് അവകാശവാദം. മൊത്തം 1,220 പേർ ഇവിടെനിന്ന് അറസ്റ്റിലായിട്ടുണ്ട്. വെസ്റ്റ്ബാങ്കിൽ ഇസ്രായേലി യുവാവിനെ കാറിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. നാല് ഫലസ്തീനികളെ സൈന്യം വെടിവെച്ചുകൊന്നു. ബെത്ലഹേമിന് സമീപം 17 വീടുകൾ സൈന്യം ഇടിച്ചുനിരത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.