ക്യാപ്റ്റൻ ഹരേൽ ഇറ്റാച്ച്

ഇസ്രായേൽ തട്ടിക്കൊണ്ടു പോയ ഫലസ്തീൻ പെൺകുട്ടിയെ ഉടൻ കൈമാറണമെന്ന് വിദേശകാര്യ മന്ത്രാലയം

ഗസ്സ: ഗസ്സയിൽ നിന്ന് ഫലസ്തീൻ പെൺകുട്ടിയെ ഇസ്രായേൽ സൈനികൻ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം രംഗത്ത്. ഇസ്രായേൽ സൈനികൻ ഫലസ്തീൻ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തെ വിദേശകാര്യ മന്ത്രാലയം അപലപിച്ചു.

അധിനിവേശ സൈന്യം സിവിലിയന്മാർക്കെതിരെ നടത്തുന്ന ക്രൂര കുറ്റകൃത്യങ്ങളുടെ തെളിവാണിത്. പെൺകുട്ടിയെ ഉടൻ തന്നെ ഫലസ്തീൻ നാഷണൽ അതോറിറ്റിക്ക് കൈമാറാൻ ഇസ്രായേലിനോട് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

ഗസ്സയിലെ വീട്ടിൽ നിന്ന് കണ്ടെത്തിയ പെൺകുട്ടിയെ ഇസ്രായേലിലേക്ക് കൊണ്ടു പോയതായി ക്യാപ്റ്റൻ ഹരേൽ ഇറ്റാച്ചിന്‍റെ സഹപ്രവർത്തകൻ ഷാച്ചർ മെൻഡൽസനാണ് ഇസ്രായേൽ ആർമി റേഡിയോയെ അറിയിച്ചത്. കുട്ടിയുടെ മാതാപിതാക്കൾ വീട്ടിൽ ഉണ്ടായിരുന്നില്ലെന്നും അവർ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കാമെന്നും സൈനികൻ വ്യക്തമാക്കിയിരുന്നു.

നവംബർ 22ന് യുദ്ധത്തിൽ ഹരേൽ ഇറ്റാച്ച് കൊല്ലപ്പെട്ടതിനാൽ തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ കുറിച്ചും എവിടെയാണെന്നുമുള്ള വിവരങ്ങൾ അജ്ഞാതമായി തുടരുകയാണ്. സംഭവം വിവാദമായതോടെ കുട്ടിയെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട ട്വീറ്റ് ഇസ്രായേൽ ആർമി റേഡിയോ നീക്കം ചെയ്തു.

അതേസമയം, ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീൻ പൗരന്മാരുടെ എണ്ണം 22,185ലേക്ക് ഉയർന്നു. 57,000 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രായേൽ 15 ആക്രമണങ്ങൾ ഗസ്സയിൽ നടത്തിയതായും 207 പേർ കൊല്ലപ്പെട്ടതായും ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 338 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ഒക്ടോബർ ഏഴിന് അധിനിവേശ വെസ്റ്റ് ബാങ്കിൽ 320 ഫലസ്തീനികളെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തി. 3,800 പേർക്ക് പരിക്കേറ്റു.

ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ മാത്രം 4,156 വിദ്യാർഥികൾ കൊല്ലപ്പെട്ടതായി ഫലസ്തീൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 381 സ്കൂളുകൾ പൂർണമായോ ഭാഗികമായോ ഇസ്രായേൽ ബോംബിട്ട് തകർത്തു. അതേസമയം, ഇസ്രായേൽ കരസേനക്കെതിരെയുള്ള ഹമാസിന്‍റെ തിരിച്ചടിയിൽ 173 സൈനികർ ഇതുവരെ കൊല്ലപ്പെട്ടു.

Tags:    
News Summary - Palestinian Foreign Ministry condemns infant’s ‘kidnapping’ in Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.