ഉക്രെയ്നെതിരായ യുദ്ധത്തിന് ഉത്തര കൊറിയ 10,000 സൈനികരെ അയച്ചതായി പെന്‍റഗൺ

ന്യൂയോർക്ക്: ഉക്രെയ്‌നെതിരെ യുദ്ധം ചെയ്യാനും സായുധ പരിശീലനത്തിനും 10,000ത്തോളം ഉത്തര കൊറിയൻ സൈനികരെ റഷ്യയിലേക്ക് അയച്ചതായി പെന്‍റഗൺ. സൈനികരുടെ എണ്ണം ഗണ്യമായി വർധിക്കുന്നതോടെ റഷ്യയുടെ ഉക്രെയ്ൻ യുദ്ധം വ്യാപകമാകുമെന്ന ആശങ്ക ഉയർന്നു. കിഴക്കൻ റഷ്യയിലേക്ക് വിന്യസിച്ചിരിക്കുന്ന 10,000 ഉത്തരകൊറിയൻ സൈനികരിൽ ചിലർ ഉക്രേനിയൻ അതിർത്തിയിലേക്ക് നീങ്ങിയതായി പെന്‍റഗൺ വക്താവ് സബ്രീന സിങ് പറഞ്ഞു.

‘ഈ സൈനികരെ യുദ്ധത്തിൽ ഉപയോഗിക്കാനോ അതിർത്തിക്കടുത്തുള്ള റഷ്യയുടെ കുർസ്ക് ഒബ്ലാസ്റ്റിൽ ഉക്രേനിയൻ സേനക്കെതിരായ പോരാട്ട പ്രവർത്തനങ്ങളെ പിന്തുണക്കാനോ റഷ്യ ലക്ഷ്യമിടുന്നുവെന്നും ഇതിൽ ഞങ്ങൾ കൂടുതൽ ആശങ്കാകുലരാണെന്നും’ സിങ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഉത്തര കൊറിയൻ സൈനിക വിന്യാസം തന്‍റ രാജ്യത്തി​ന്‍റെ ദേശീയ സുരക്ഷക്കും അന്താരാഷ്ട്ര സമൂഹത്തിനും ഭീഷണിയാണെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് യൂൻ സുക് യോൾ പ്രതികരിച്ചു. റഷ്യയും ഉത്തര കൊറിയയും തമ്മിലുള്ള നിയമവിരുദ്ധ സൈനിക സഹകരണമാണിതെന്നും അദ്ദേഹം അപലപിച്ചു.

ഉത്തരകൊറിയൻ വിന്യാസം ഉക്രെയ്ൻ സംഘർഷത്തിലെ ഗുരുതരമായ ഇടപെടലിനെ പ്രതിനിധീകരിക്കുന്നുവെന്നും യുദ്ധത്തി​ന്‍റെ അപകടകരമായ വികാസം ആണിതെന്നും നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ പ്രതികരിച്ചു. റഷ്യയും ഉത്തര കൊറിയയും തമ്മിലുള്ള ആഴത്തിലുള്ള സൈനിക സഹകരണം ഇന്തോ-പസഫിക്, യൂറോ-അറ്റ്ലാന്‍റിക് സുരക്ഷക്ക് ഭീഷണിയാണെന്ന് ദക്ഷിണ കൊറിയൻ പ്രതിനിധിയുമായി നടത്തിയ ചർച്ചക്കു ശേഷം റുട്ടെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

റഷ്യയിലേക്കുള്ള സൈനിക വിന്യാസത്തെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകൾ ഉത്തരകൊറിയൻ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചില്ല. എന്നാൽ അത്തരമൊരു നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിൽ അത് അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് അനുസൃതമായിരിക്കുമെന്ന് വിശ്വസിക്കുന്നതായി ഉദ്യോഗസ്ഥൻ പറഞ്ഞു.

ഉക്രെയ്‌നിനെതിരായ യുദ്ധത്തിൽ ഉത്തരകൊറിയയുടെ ഇടപെടലിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ‘വ്യാജ വാർത്ത’യാണെന്ന് റഷ്യ ആദ്യം തള്ളിയിരുന്നു. എന്നാൽ, ഉത്തരകൊറിയൻ സൈന്യം റഷ്യയിലുണ്ടെന്ന കാര്യം നിഷേധിച്ചിട്ടില്ലെന്നും പങ്കാളിത്ത ഉടമ്പടി ആഭ്യന്തര കാര്യമാണെന്നും പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞു.

റഷ്യയുടെ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്, റുട്ടെയുടെ അഭിപ്രായങ്ങളോട് പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയും കഴിഞ്ഞ ജൂണിൽ ഉത്തര കൊറിയയും റഷ്യയും സംയുക്ത സുരക്ഷാ ഉടമ്പടിയിൽ ഒപ്പുവെച്ചിട്ടുണ്ടെന്നും അഭിപ്രായപ്പെട്ടു.

Tags:    
News Summary - Pentagon says North Korea sent 10,000 troops to join Russian war in Ukraine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.