നഗരപ്രാന്തത്തിലെ വോട്ടർമാരിൽ കമല ഹാരിസ് ട്രംപിനെ പിന്തള്ളി മുന്നേറുന്നതായി സർവേ

അരിസോണ (യു.എസ്): വരാനിരിക്കുന്ന അമേരിക്കൻ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ സർവേകൾ നടന്നുവരുന്നതിനിടെ നഗരപ്രാന്തത്തിലെ വോട്ടർമാരിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസ് മുന്നേറുന്നതായി സർവേ റിപ്പോർട്ട്.

യു.എസിലെ വോട്ടർമാരിൽ പകുതിയോളം വരുന്നവരാണ് സബർബനൈറ്റുകൾ അഥവാ നഗരത്തിനു പുറത്തു താമസിക്കുന്നവർ. 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഈ വിഭാഗങ്ങൾക്കിടയിൽ നടത്തിയ കണക്കെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ട്രംപിനെ ആറ് ശതമാനം പോയന്റിന് ജോ ബൈഡൻ പിന്നിലാക്കിയിരുന്നു.

സബർബൻ വോട്ടർമാരിൽ കമല ഹാരിസ് ഡൊണാൾഡ് ട്രംപിനെ പിന്തള്ളിയെന്നാണ് റോയിട്ടേഴ്‌സ്-ഇപ്‌സോസ് സർവേ വെളിപ്പെടുത്തുന്നത്. ജൂൺ, ജൂലൈ മാസങ്ങളിൽ നടത്തിയ സർവേകളിൽ ട്രംപിന് 43ശതമാനം വരെ പിന്തുണ ഈ വിഭാഗക്കാർക്കിടയിൽ ലഭിച്ചിരുന്നു. അതിനിടെ, ഇമിഗ്രേഷൻ, കുറ്റകൃത്യ നിയമം എന്നിവയിൽ ​ട്രംപ് കൂടുതൽ വിശ്വസ്തനായ സ്ഥാനാർഥിയാണെന്നും സർവേകൾ പറയുന്നു.

പ്രാന്തപ്രദേശങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുകയും അനധികൃതമായി അതിർത്തി കടന്നെത്തുന്ന കുടിയേറ്റക്കാരെ അകറ്റി നിർത്തുകയും ചെയ്യുന്ന സ്ഥാനാർഥിയാണ് താനെന്ന് ട്രംപ് അനുയായികളോട് പറഞ്ഞിരുന്നു.

സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് കൂടുതൽ ശുഭാപ്തിവിശ്വാസം പുലർത്തുന്ന സമ്പന്നരായ സബർബനൈറ്റുകൾക്കിടയിൽ കമല ഹാരിസ് മികച്ച പ്രകടനം കാഴ്ചവെക്കുന്നതായും സർവേ വെളിപ്പെടുത്തുന്നു. അമേരിക്കയിൽ തെരഞ്ഞെടുപ്പിന് മു​ന്നോടിയായി നടക്കുന്ന സർവേകൾ വോട്ടർമാരെ ഏറെ സ്വാധീനിക്കുന്നതായാണ് കരുതുന്നത്. 

Tags:    
News Summary - Poll shows Kamala Harris ahead of Trump among suburban voters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.