കാബൂൾ: അഫ്ഗാനിസ്താൻ പൂർണമായും കീഴടക്കി താലിബാൻ. ഞായറാഴ്ച പുലർച്ചയാണ് താലിബാൻ സേന രാജ്യ തലസ്ഥാനമായ കാബൂളിലേക്ക് പ്രവേശിച്ചത്. അഫ്ഗാൻ ജനതയുടെ രക്തം ചൊരിയാൻ ആഗ്രഹിക്കുന്നില്ലെന്നും സമാധാനപരമായ അധികാര കൈമാറ്റമാണ് വേണ്ടതെന്നും താലിബാൻ അന്താരാഷ്ട്ര മാധ്യമ വക്താവ് സുഹൈൽ ഷഹീൻ പറഞ്ഞു. താലിബാൻ കാബൂളിൽ പ്രവേശിച്ചതായി അഫ്ഗാൻ ആഭ്യന്തര മന്ത്രാലയവും സ്ഥിരീകരിച്ചു. അതേസമയം, ഏറ്റുമുട്ടലില്ലാതെ അധികാരം ൈകമാറുന്നതു സംബന്ധിച്ച് താലിബാൻ സംഘം പ്രസിഡൻറിന്റെ കൊട്ടാരത്തിൽ ചർച്ച തുടരുകയാണ്.
ഇതിനിടെ, അഫ്ഗാനിൽ താൽകാലിക ഭരണത്തിന് മൂന്നംഗ സമിതിക്ക് രൂപം നൽകിയതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുൻ പ്രസിഡന്റ് ഹാമിദ് കർസായിയുടെ നേതൃത്വത്തിലാണ് സമിതി രൂപീകരിച്ചത്. മുൻ പ്രധാനമന്ത്രി ഗുൽബുദ്ദീൻ ഹെക്മത്യാറും അഫ്ഗാൻ ദേശീയ അനുരഞ്ജന സമിതി മേധാവി അബ്ദുല്ല അബ്ദുല്ലയും സമിതിയിൽ അംഗങ്ങളാണ്. രാജ്യത്ത് അരാജകത്വം ഒഴിവാക്കാനാണ് നടപടിയെന്നും ജനങ്ങളുടെ ബുദ്ധിമുട്ട് കുറക്കുകയാണ് ലക്ഷ്യമെന്നും ഹാമിദ് കർസായി വ്യക്തമാക്കി.
അഫ്ഗാൻ പ്രസിഡൻറ് അഷ്റഫ് ഗനി തജികിസ്താനിലേക്ക് രക്ഷപ്പെട്ടതായി മുതിർന്ന ആഭ്യന്തരവകുപ്പ് ഉദ്യോഗസ്ഥൻ മാധ്യമപ്രവർത്തകരെ അറിയിച്ചു. അഫ്ഗാൻ ദേശീയ അനുരഞ്ജന സമിതി മേധാവി അബ്ദുല്ല അബ്ദുല്ലയും വാർത്ത സ്ഥിരീകരിച്ചു. എന്നാൽ, സുരക്ഷ പ്രശ്നങ്ങൾ ഉള്ളതിനാൽ ഗനിയുടെ യാത്ര സംബന്ധിച്ച് പ്രതികരിക്കാനാവില്ലെന്ന് പ്രസിഡൻറിെൻറ ഓഫിസ് പ്രതികരിച്ചു. താലിബാനും ഗനി രാജ്യം വിട്ടതായി അറിയിച്ചിട്ടുണ്ട്.
കാബൂൾ നഗരവാസികളുടെ ജീവൻ രക്ഷിക്കാൻ താലിബാന് കീഴടങ്ങുകയല്ലാതെ മറ്റു മാർഗമില്ലായിരുന്നെന്ന് അഫ്ഗാൻ സുരക്ഷാ ഉദ്യോഗസ്ഥൻ വാർത്ത ഏജൻസിയോടു പറഞ്ഞു. സമാധാനപരമായ അധികാര കൈമാറ്റം ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി അബ്ദുൽ സത്താർ മിർസാക്വാൽ അറിയിച്ചു. ഞായറാഴ്ച പുലർച്ച ഏറ്റുമുട്ടലില്ലാതെതന്നെ കിഴക്കൻ പട്ടണമായ ജലാലാബാദ് താലിബാൻ പിടിച്ചെടുത്തിരുന്നു. അഫ്ഗാനിലെ പ്രധാന പാതകളിലൊന്നിെൻറ പൂർണ നിയന്ത്രണവും ഇതോടെ താലിബാനായി. പാകിസ്താൻ അതിർത്തിയും കഴിഞ്ഞ ദിവസം താലിബാൻ കീഴടക്കിയിരുന്നു. കാബൂൾ അന്താരാഷ്ട്ര വിമാനത്താവളം മാത്രമാണ് നിലവിൽ സ്വതന്ത്രമായിട്ടുള്ളത്.
താലിബാെൻറ പിടിയിൽ പെടാതെ രാജ്യത്തിനു പുറത്തുകടക്കാനുള്ള ഏക മാർഗവും വിമാനത്താവളമാണ്. വിമാനത്താവളം തങ്ങൾ വളഞ്ഞിട്ടുണ്ടെന്നും എന്നാൽ, യാത്രകൾക്ക് അനുവാദമുണ്ടെന്നുമാണ് താലിബാൻ പ്രതികരിച്ചത്. സർക്കാർ ഉദ്യോഗസ്ഥരെയടക്കം വെറുതെ വിടുമെന്നും താലിബാൻ അറിയിച്ചിട്ടുണ്ട്.
താലിബാൻ ആധിപത്യം ഉറപ്പിച്ചതോടെ യു.എസ് എംബസിയിൽനിന്ന് നയതന്ത്ര പ്രതിനിധികളെ ഹെലികോപ്ടർ മാർഗം രക്ഷപ്പെടുത്തി. മറ്റു രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ സുരക്ഷിതമായി പുറെത്തത്തിക്കാനുള്ള ശ്രമങ്ങളിലാണ്.
യു.എസ് ൈസന്യം മടങ്ങിയതിനു ശേഷം രണ്ടു മാസം കൊണ്ടാണ് അഫ്ഗാൻ പൂർണമായും താലിബാെൻറ അധീനത്തിലാകുന്നത്. െസെനിക ക്യാമ്പുകളിൽ യു.എസ്-നാറ്റോ സേന ഉപേക്ഷിച്ച ആയുധങ്ങളും വാഹനങ്ങളും താലിബാൻ പിടിച്ചെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.