ധാക്ക: ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തിൽ. പ്രതിപക്ഷം ആഹ്വാനം ചെയ്ത പണിമുടക്കിനും ബഹിഷ്‍കരണത്തിനുമിടെ ഞായറാഴ്ച നടന്ന പൊതുതെരഞ്ഞെടുപ്പിൽ ഹസീനയുടെ അവാമി ലീഗ് മൂന്നിൽ രണ്ടിലേറെ സീറ്റുകൾ നേടിയാണ് തുടർച്ചയായ നാലാം തവണ അധികാരത്തിലെത്തിയത്.
തെരഞ്ഞെടുപ്പിൽ 40 ശതമാനം പേർ മാത്രമാണ് വോട്ടു ചെയ്തത്. 300 അംഗ പാർലമെന്റിൽ അവാമി ലീഗ് 222 സീറ്റുകളിൽ വിജയിച്ചു. പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി (ബി.എൻ.പി) വോട്ടെടുപ്പ് ബഹിഷ്‍കരിച്ചിരുന്നു. 63 സീറ്റുകളിൽ സ്വതന്ത്ര സ്ഥാനാർഥികളാണ് വിജയിച്ചത്. ലോകത്തിന് മുന്നിൽ തെരഞ്ഞെടുപ്പിന് മത്സര സ്വഭാവം കാണിക്കാൻ അവാമി ലീഗ് തന്നെ നിർത്തിയ ഡമ്മി സ്ഥാനാർഥികളാണ് സ്വതന്ത്രരെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു.
ഗോപാൽഗഞ്ച്-3 മണ്ഡലത്തിൽനിന്ന് ഹസീന വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 76കാരിയായ ഹസീന 2,49,965 വോട്ട് നേടിയപ്പോൾ പ്രധാന എതിരാളിയായ ബംഗ്ലാദേശ് സുപ്രീം പാർട്ടിയിലെ എം. നിസാമുദ്ദീൻ ലഷ്‍കറിന് 469 വോട്ട് മാത്രമാണ് ലഭിച്ചത്. ഗോപാൽഗഞ്ച് ഡെപ്യൂട്ടി കമീഷണറും റിട്ടേണിങ് ഓഫിസറുമായ കാസി മഹ്ബൂബുൽ ആലം ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. 1986 മുതൽ എട്ടാം തവണയാണ് ഷെയ്ഖ് ഹസീന ഗോപാൽഗഞ്ച് -3 മണ്ഡലത്തിൽനിന്ന് വിജയിക്കുന്നത്.
പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടിയുടെ (ബി.എൻ.പി) നേതൃത്വത്തിൽ വോട്ടെടുപ്പ് ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ആഹ്വാനം ചെയ്ത 48 മണിക്കൂർ നീണ്ട പണിമുടക്ക് ശനിയാഴ്ച രാവിലെ ആറോടെയാണ് തുടങ്ങിയത്. അഴിമതിക്കേസിൽ വീട്ടുതടങ്കലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഖാലിദ സിയയും തെരഞ്ഞെടുപ്പ് ബഹിഷ്‍കരിച്ചു.
കനത്ത സുരക്ഷയിൽ മൊത്തം 299 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. സ്ഥാനാർഥിയുടെ മരണം കാരണം ഒരു മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റിവെച്ചു. 436 സ്വതന്ത്രർക്ക് പുറമെ 27 രാഷ്ട്രീയപാർട്ടികളിൽനിന്നായി 1500ലേറെ സ്ഥാനാർഥികളാണ് ജനവിധി തേടിയത്.
ഇന്ത്യയിൽനിന്ന് മൂന്നുപേർ ഉൾപ്പെടെ 100 ലേറെ അന്താരാഷ്ട്ര വിദഗ്ധർ രാജ്യത്തെ 12ാമത്തെ പൊതുതെരഞ്ഞെടുപ്പ് നിരീക്ഷിച്ചു. ക്രമസമാധാനം നിലനിർത്താൻ 7.5 ലക്ഷത്തിലേറെ പൊലീസ്, സൈനിക ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. തിങ്കളാഴ്ച രാവിലെയോടെ ഫലം പുറത്തുവരുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. 2014 ൽ നടന്ന തെരഞ്ഞെടുപ്പ് ബി.എൻ.പി ബഹിഷ്കരിച്ചിരുന്നെങ്കിലും 2018 ൽ മത്സരരംഗത്തുണ്ടായിരുന്നു. പ്രതിപക്ഷത്തെ ജാതീയ പാർട്ടി (ജെ.എ.പി.എ) ഉൾപ്പെടെ രാഷ്ട്രീയപാർട്ടികളാണ് ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
മറ്റുള്ള സ്ഥാനാർഥികളെല്ലാം അവാമി ലീഗ് നേതൃത്വം നൽകുന്ന സഖ്യകക്ഷി കൂട്ടായ്മയുടെ ഭാഗമായ പാർട്ടികളിൽനിന്നുള്ളവരാണ്. ‘ഫാഷിസ്റ്റ് സർക്കാറി’നെ പുറത്താക്കാൻ വോട്ടെടുപ്പ് ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.എൻ.പി ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ മൂന്നുമാസമായി പലതവണ പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് ആയിരക്കണക്കിന് പ്രതിപക്ഷ രാഷ്ട്രീയപാർട്ടി നേതാക്കളെയും പ്രവർത്തകരെയുമാണ് സർക്കാർ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.