മാർക്കറ്റിങ് കമ്പനിയുടെ പാർട്ടിക്കിടെ നീന്തൽക്കുളത്തിലെ സിങ്ക്ഹോൾ പിളർന്ന് താഴേക്ക് പോയതോടെ വീട്ടിലെ പാർട്ടി ദുരന്തമായി മാറി. ഇസ്രയേലിലെ ടെൽ അവീവിൽ നിന്ന് 40 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന കാർമി യോസെഫ് പട്ടണത്തിലാണ് സംഭവം നടന്നതെന്ന് ഗ്ലോബൽ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മറ്റൊരാൾക്ക് പരിക്കേറ്റതായും സൂചനയുണ്ട്.
പാർട്ടിയിൽ പങ്കെടുത്തവർ എടുത്ത വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ആളുകൾ നീന്തൽക്കുളത്തിൽ കളിച്ച് ഉല്ലസിക്കുന്നതായാണ് വിഡിയോയുടെ ആദ്യം കാണുന്നത്. പൊടുന്നനെ കുളത്തിന്റെ തറ തകർന്ന് ഉള്ളിലേക്ക് പോവുകയായിരുന്നു. ഇതോടെ അതിനടുത്തുനിന്ന ഒരാൾ കുഴിയിപ്പെട്ടു. മറ്റൊരാൾ കാൽവഴുതി കുളത്തിലേക്ക് വീഴാൻ പോയെങ്കിലും അടുത്തുള്ളവർ പിടിച്ചുകയറ്റി. ഇയാൾക്ക് നിസാര പരിക്കേറ്റു.
കിംഹി എന്ന് പേരുള്ളയാളാണ് മരിച്ചതെന്നും ആ സമയത്ത് കുളത്തിലുണ്ടായിരുന്ന ആറുപേരിൽ മറ്റാർക്കും പരിക്കില്ലെന്നും ന്യൂസ് വീക്ക് റിപ്പോർട്ട് ചെയ്തു. കിംഹി 43 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ഉടൻ തന്നെ രക്ഷാപ്രവർത്തകർ എത്തി മണിക്കൂറുകൾ നീണ്ട പരിശ്രമങ്ങളുടെ ഫലമായാണ് കിംഹിയെ കണ്ടെത്തിയത്. എന്നാൽ, ജീവൻ നഷ്ടപ്പെട്ട നിലയിലായിരുന്നു ഇയാൾ.
ഭൂമിയിലെ ഇത്തരം ഗർത്തങ്ങൾ പലതരം കാരണങ്ങൾകൊണ്ട് ഉണ്ടാകും. ചുണ്ണാമ്പുകല്ല്, കാർബണേറ്റ് പാറ, അല്ലെങ്കിൽ ഉപ്പ് പാറകൾ എന്നിവയുള്ള സ്ഥലങ്ങളിൽ ഇവ സാധാരണമാണ്. ഭൂഗർഭജല പമ്പിംഗും നിർമ്മാണ പ്രവർത്തനങ്ങളും പ്രകൃതിദത്തമായ ഭൂഘടനയിലും വെള്ളം ഒഴുകിപ്പോകുന്ന രീതിയിലും മാറ്റം വരുത്തുന്നതും ഗർത്തങ്ങൾക്ക് കാരണമാകാം.
സംഭവത്തിൽ പോലീസ് വില്ലയുടെ ഉടമസ്ഥനെ ചോദ്യം ചെയ്തു. അശ്രദ്ധമായ നരഹത്യയെന്ന സംശയത്തിലാണ് ഉടമയെ പോലീസ് ചോദ്യം ചെയ്തത്. ഈ വില്ലയിൽ ഇത്തരത്തിൽ പാർട്ടികൾക്കായി ആളുകൾ ഒത്തുകൂടാറുണ്ടെന്നും ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, കെട്ടിടമുടമ ഇത്തരത്തിൽ പൂൾ നിർമ്മിക്കുന്നതിന് അനുമതി വാങ്ങിയിരുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി. പൂളിന്റെ അനുമതിക്കായി അപേക്ഷിച്ചിരുന്നെങ്കിലും അദ്ദേഹത്തിന് അത് ലഭിക്കില്ലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. പ്രദേശത്തെ അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങൾ കാരണം തന്നെ അനുമതി ലഭിക്കുമായിരുന്നില്ലെന്നും ഒരു മാധ്യമറിപ്പോർട്ടിൽ പറയുന്നു.
"One man has been injured and another is missing after a sinkhole opened up in a inground pool at a home in central Israel.
— natureismetal (@NIMactual) July 21, 2022
The incident occurred during a pool party." pic.twitter.com/S9cByAFebx
പൂളിലേക്ക് മറ്റൊരാൾ കൂടി വീണെങ്കിലും ഇയാളെ അതിസാഹസികമായി രക്ഷിക്കുകയായിരുന്നു. പൂളിലെ വെള്ളം അകത്തേക്ക് വലിഞ്ഞപ്പോൾ മറ്റൊരാളും കുഴിയിലേക്ക് നിലതെറ്റി പതിക്കുകയായിരുന്നു. എന്നാൽ, സാഹസികമായി തന്നെ അയാൾ പിടിച്ച് രക്ഷപെടുകയായിരുന്നു. ഇയാൾ നിസ്സാരപരിക്കുകളോടെയാണ് രക്ഷപെട്ടത്. പാർട്ടിയിൽ 50ലധികം ആളുകൾ പങ്കെടുത്തുവെന്നാണ് പ്രദേശവാസികൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.