കൊളംബോ: കൊറോണ വൈറസിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ ആദ്യമായി സ്ഥിരീകരിച്ചതായി ശ്രീലങ്ക. ശ്രീലങ്കൻ ഹെൽത്ത് സർവിസസ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഹേമന്ത ഹെരാത് അറിയിച്ചതാണ് ഇക്കാര്യം.
ആഫ്രിക്കൻ രാജ്യത്തുനിന്ന് നിന്ന് എത്തിയയാൾക്കാണ് രോഗം. നിലവിൽ കുടുംബാംഗങ്ങൾക്കൊപ്പം നിരീക്ഷണത്തിലാണ് അദ്ദേഹം. 'ഇന്ന് നടത്തിയ പരിശോധനയിൽ ഒരാൾക്ക് ഒമിക്രാൺ വകഭേദം സ്ഥിരീകരിച്ചു' -ഹേമന്ത അറിയിച്ചു.
ദക്ഷിണാഫ്രിക്ക, ബോട്സ്വാന, സിംബാബ്വെ, നമീബിയ, ലെസോത്തോ, ഇസ്വാറ്റിനി എന്നിവിടങ്ങളിൽനിന്ന് മടങ്ങിയെത്തുന്നവർക്ക് നവംബർ 28 മുതൽ ശ്രീലങ്ക നിർബന്ധിത ക്വാറൻറീൻ ഏർപ്പെടുത്തിയിരുന്നു.
ശ്രീലങ്കയിൽ ഇതുവരെ 5,65,457 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 14,399 പേർക്ക് ജീവൻ നഷ്ടമാകുകയും ചെയ്തിരുന്നു. രാജ്യവ്യാപകമായി ഏർപ്പെടുത്തിയ ലോക്ഡൗൺ ഒക്ടോബർ ഒന്നിന് അവസാനിപ്പിച്ചിരുന്നു.
മറ്റു വകഭേദങ്ങളേക്കാൾ കൂടുതൽ അപകടകാരിയും വ്യാപന ശേഷിയുള്ളതുമാണെന്ന് കരുതുന്ന ബി.1.1.529 വകഭേദം ദക്ഷിണാഫ്രിക്കയിൽ നവംബർ 24നാണ് ആദ്യമായി സ്ഥിരീകരിച്ചത്. ആശങ്കയുയർത്തുന്ന വകഭേദം എന്നതിന്‍റെ പട്ടികയിൽ ഇതിനെ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.
ഇന്ത്യയിൽ ഇതുവരെ നാലുപേർക്കാണ് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്. കർണാടക, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് രോഗം റിപ്പോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.