കൊളംബോ: ശ്രീലങ്കയിലെ ആന സംരക്ഷണ കേന്ദ്രത്തിൽ നടന്ന ഒരു പ്രസവമാണ് ഇപ്പോൾ വാർത്തകളിലിടം നേടുന്നത്. 25കാരി സുരാംഗി എന്ന ആന ആരോഗ്യവാൻമാരായ രണ്ട് ആൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകി. അത്യപൂർവമായാണ് ആനകൾ ഇരട്ടകളെ പ്രസവിക്കുക. ശ്രീലങ്കയിൽ തന്നെ 1941നുശേഷം ആദ്യമായാണ് ഇത്തരമൊരു സംഭവമെന്ന് ആന വിദഗ്ധനായ ജയന്ത ജയവർധനെ അഭിപ്രായപ്പെട്ടു.
ആനയമ്മയും മക്കളും സുഖമായിരിക്കുന്നുവെന്ന് 'പിന്നാവാല എലഫൻറ് ഓർഫനേജ്' മേധാവി രേണുക ഭദ്രനായകെ അറിയിച്ചു. കുഞ്ഞുങ്ങൾ വലുപ്പത്തിൽ ചെറുതാണെങ്കിലും ആരോഗ്യവാന്മാരാണ്.
2009ൽ ആണ് സുരാംഗി ആദ്യ ആനക്കുട്ടിക്ക് ജന്മം നൽകിയത്. കുട്ടികളുടെ പിതാവും17കാരനുമായ പാണ്ഡു എന്ന കൊമ്പൻ അടക്കം 82 അന്തേവാസികൾ ആണ് ഈ ആന സംരക്ഷണ കേന്ദ്രത്തിലുള്ളത്. തിരസ്കൃതരായ കാട്ടാനകളെ പരിചരിക്കുന്നതിനായി 1975ൽ ആണ് കേന്ദ്രം സ്ഥാപിച്ചത്. തിരക്കേറിയ വിനോദ സഞ്ചാര കേന്ദ്രം കൂടിയായ ഇവിടം കോവിഡിെന്റ പശ്ചാത്തലത്തിൽ അടച്ചിട്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.