കിയവ്: യുക്രെയ്ൻ സൈന്യം പ്രതിരോധിച്ചു നിൽക്കുന്ന തലസ്ഥാന നഗരിയായ കിയവ് പിടിക്കാൻ റഷ്യ നഗരത്തെ വളഞ്ഞ് സൈനികവിന്യാസം നടത്തുന്നതായി സാറ്റലൈറ്റ് ചിത്രങ്ങൾ. 64 കിലോമീറ്റർ നീണ്ട റഷ്യൻ സൈനികവ്യൂഹം പലവഴിക്ക് പിരിഞ്ഞ് തന്ത്രപ്രധാന കേന്ദ്രങ്ങളിൽ നിലയുറപ്പിച്ചിരിക്കുകയാണെന്ന് സാറ്റലൈറ്റ് ഇമേജിങ് സ്ഥാപനമായ മാക്സാർ പുറത്തുവിട്ട ചിത്രങ്ങൾ ചൂണ്ടിക്കാട്ടുന്നു. കിയവ് നഗരത്തിന് അഞ്ച് കിലോമീറ്റർ അകലെ വരെ റഷ്യ സേനാവിന്യാസം നടത്തിക്കഴിഞ്ഞു. അതിനിടെ, റഷ്യൻ സൈന്യം വളഞ്ഞ മരിയുപോൾ നഗരത്തിൽ സാഹചര്യം ഗുരുതരമായി തുടരുകയാണ്. ഓരോ 30 മിനിട്ടിലും റഷ്യൻ യുദ്ധവിമാനങ്ങൾ വ്യോമാക്രമണം നടത്തുകയാണെന്ന് മേയർ വാദിം ബോയ്ഷെങ്കോ പറഞ്ഞു. നാല് ലക്ഷത്തോളം ജനങ്ങൾ പുറത്തുകടക്കാനാകാതെ യുദ്ധകലുഷിത നഗരത്തിൽ കുടുങ്ങിക്കിടക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
റഷ്യ നിയന്ത്രണത്തിലാക്കിയ ചെർണോബിൽ ആണവനിലയവുമായുള്ള എല്ലാ ആശയവിനിമയ ബന്ധങ്ങളും തങ്ങൾക്ക് നഷ്ടമായതായി യുക്രെയ്ൻ ഐക്യരാഷ്ട്രസഭയുടെ ന്യൂക്ലിയർ വാച്ച്ഡോഗായ ഐ.എ.ഇ.എയെ അറിയിച്ചു. നിലയത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനാൽ ആണവ ഇന്ധനം തണുപ്പിക്കാനുള്ള കൂളന്‍റുകൾ പ്രവർത്തനരഹിതമാണെന്നും ആണവ പദാർഥങ്ങൾ പുറത്തെത്താനുള്ള സാധ്യതയുണ്ടെന്നും യുക്രെയ്ൻ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
(മാക്സാർ ടെക്നോളജീസ് പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളിലൊന്ന്. റഷ്യൻ സൈനിക വ്യൂഹം കടന്നുപോകുന്നതും വയലുകളിൽ മിസൈൽ ലോഞ്ചറുകൾ വിന്യസിച്ചതുമാണ് ചിത്രങ്ങളിലെന്ന് ഇവർ പറയുന്നു)
നാല് ലക്ഷം സിവിലിയൻമാർ രാജ്യത്തുനിന്ന് പലായനം ചെയ്തതായി യുക്രെയ്നിയൻ ഇന്‍റീരിയർ മിനിസ്റ്റർ ഡെനിസ് മൊണാസ്റ്റിർസ്കി പറഞ്ഞു. ആക്രമണം തുടരുന്ന സുമി നഗരത്തിൽ നിന്ന് 12,000 പേരെ ഒഴിപ്പിച്ചു. എന്നാൽ, റഷ്യൻ സേന വളഞ്ഞ മരിയുപോളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനായിട്ടില്ല.
അതിനിടെ, ലബോറട്ടറികളിൽ ഗവേഷണത്തിന്‍റെ ഭാഗമായി സൂക്ഷിച്ചിട്ടുള്ള രോഗകാരികളെ നശിപ്പിക്കാൻ ലോകാരോഗ്യ സംഘടന യുക്രെയ്ന് നിർദേശം നൽകി. യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ രോഗകാരികൾ പുറത്തുകടന്നാൽ കനത്ത ആരോഗ്യ പ്രത്യാഘാതം നേരിടേണ്ടിവരുന്നതിനാലാണിത്.
(ചെർണോബിൽ ആണവ നിലയം)
മാക്സാർ ടെക്നോളജീസ് പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളിൽ റഷ്യൻ സൈന്യം വിവിധ ഭാഗങ്ങളായി പിരിഞ്ഞ് നീങ്ങുന്നതും കിയവിന് പുറത്തെ വയലുകളിലും വനമേഖലകളിലും നിലയുറപ്പിച്ചതും കാണാം. മിസൈൽ ലോഞ്ചറുകൾ ഉൾപ്പെടെ വയലുകളിൽ വിന്യസിച്ച ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.
അതിനിടെ, അഞ്ച് നഗരങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നതിനായി റഷ്യ മനുഷ്യത്വ ഇടനാഴി തുറന്നു. കിയവ്, സുമി, ഖാർകീവ്, മരിയുപോൾ, ചെർനിവ് നഗരങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനാണ് സമയം നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.