വാഷിങ്ടൺ: പാകിസ്താനിലെ തന്റെ സർക്കാറിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനക്ക് പിന്നിൽ അമേരിക്കയാണെന്ന ഇംറാൻ ഖാന്റെ ആരോപണം അസത്യമാണെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്. വെള്ളിയാഴ്ച വൈകുന്നേരം വാഷിംഗ്ടണിൽ നടന്ന വാർത്താസമ്മേളനത്തിൽ ഡെപ്യൂട്ടി സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് ജലീന പോർട്ടറാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവർ.
'ഈ ആരോപണങ്ങളിൽ യാതൊരു സത്യവുമില്ലെന്ന് ഞാൻ വളരെ വ്യക്തമായി പറയുകയാണ്. തീർച്ചയായും പാകിസ്താനിലെ സംഭവവികാസങ്ങൾ ഞങ്ങൾ നിരീക്ഷിക്കുന്നുണ്ട്. പാകിസ്താന്റെ ഭരണഘടനാ പ്രക്രിയയെയും നിയമവാഴ്ചയെയും ഞങ്ങൾ ബഹുമാനിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. എന്നാൽ, ഇംറാൻ ഖാൻ ഉന്നയിച്ച ആരോപണങ്ങൾ തീർത്തും ശരിയല്ല' -ജലീന പോർട്ടർ വ്യക്തമാക്കി.
തന്റെ സ്വതന്ത്ര വിദേശനയം വിദേശ ശക്തികളെ അലോസരപ്പെടുത്തിയെന്നും തനിക്കെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ നീക്കത്തിന് അമേരിക്ക പണം നൽകിയെന്നും ഇംറാൻ ഖാൻ ആരോപിച്ചിരുന്നു. വെള്ളിയാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യവെ, ഒരു മുതിർന്ന യുഎസ് നയതന്ത്രജ്ഞൻ പാകിസ്താനിലെ ഭരണമാറ്റത്തെക്കുറിച്ച് ഭീഷണിപ്പെടുത്തിയെന്ന ആരോപണം ഇംറാൻ ആവർത്തിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് യു.എസിന്റെ മറുപടി വരുന്നത്.
അതേസമയം, ഇംറാൻ ഖാന്റെ ആരോപണങ്ങൾ യു.എസ് - പാകിസ്താൻ ബന്ധത്തിൽ വിള്ളൽ വരുത്താൻ ഇടയാക്കുമെന്ന് യു.എസ് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.