കാബൂൾ: അഫ്ഗാൻ സർക്കാറിെൻറ മാധ്യമവിഭാഗം തലവനും പ്രസിഡൻറ് അശ്റഫ് ഗനിയുടെ വക്താവുമായ ദവാ ഖാൻ മിനപാലിനെ താലിബാൻ കൊലപ്പെടുത്തി. ജുമുഅക്കായി കാബൂളിലെ പള്ളിയിലെത്തിയപ്പോഴാണ് താലിബാൻ മിനപാലിനെ ആക്രമിച്ചത്. പ്രാർഥനക്കിടെയാണ് മിനപാൽ കൊല്ലപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
കൊലപാതകത്തിെൻറ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തു. അഫ്ഗാൻ സർക്കാരിെൻറ പ്രതിനിധിയായ മിനപാൽ ആണ് തങ്ങൾക്കെതിരായ പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതെന്നും താലിബാൺ വക്താവ് മിർവായിസ് സ്റ്റാനികായ് പറഞ്ഞു. സുരക്ഷസേനയുടെ വ്യോമാക്രമണങ്ങൾക്ക് മറുപടിയായി ഉന്നതസർക്കാർ ഉദ്യോഗസ്ഥരെ ലക്ഷ്യംവെക്കുമെന്ന് താലിബാൻ മുന്നറിയിപ്പ് നൽകിയിരുന്നു. നേരത്തേ കാബൂളിലെ ഗ്രീൻസോണിൽ പ്രതിരോധമന്ത്രിയെ ലക്ഷ്യമിട്ടും താലിബാൻ കാർബോംബ് ആക്രമണം നടത്തിയിരുന്നു. താലിബാെൻറ ഭീരുത്വ നടപടിക്ക് ഒരു ദേശസ്നേഹിയുടെ ജീവൻകൂടി നഷ്ടമായെന്ന് അഫ്ഗാൻ സർക്കാർ വക്താവ് അറിയിച്ചു.
അതിനിടെ,അഫ്ഗാനിൽ പിടിമുറുക്കിയ താലിബാനെതിരെ ആയിരങ്ങൾ തെരുവുകളിലിറങ്ങി. ഹെറാത് പ്രവിശ്യയിൽ നിന്ന് തുടങ്ങിയ റാലി രാജ്യത്തിെൻറ മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.
കാബൂളിലും സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങൾ പ്രതിഷേധപ്രകടനം നടത്തി. ലഷ്കർഗാഹ്, കാന്തഹാർ, ഹെറാത് പ്രവിശ്യകളിൽ താലിബാനും സുരക്ഷ സേനയും തമ്മിൽ രൂക്ഷമായ പോരാട്ടം നടക്കുകയാണ്. കാന്തഹാറിലെ നിരവധി ജില്ലകൾ താലിബാൻ പിടിച്ചെടുത്തു. ഇവിടെ സർക്കാരിന് സഹായം നൽകിയെന്നാരോപിച്ച് നൂറുകണക്കിന് തദ്ദേശവാസികളെ താലിബാൻ തടവിലാക്കിയിട്ടുണ്ട്. 2021 ജൂൺ മുതൽ താലിബാനും സൈന്യവും തമ്മിലുള്ള പോരാട്ടത്തിൽ 1659 സിവിലിയൻമാർക്ക് ജീവഹാനി സംഭവിച്ചു. 3254 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.