താലിബാൻ വക്​താവ്​ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു

പൊതുമാപ്പ്​ പ്രഖ്യാപിച്ച്​ താലിബാൻ; സ്ത്രീകള്‍ക്ക്​ ജോലിക്കും വിദ്യാഭ്യാസത്തിനും വിലക്കുണ്ടാവില്ലെന്ന്​

കാബൂൾ: അഫ്​ഗാനിസ്​താനിൽ അധികാരം പിടിച്ചെടുത്ത താലിബാൻ, എല്ലാ സർക്കാർ ഉദ്യോഗസ്​ഥർക്കും ഭരണകൂടവുമായി ബന്ധപ്പെട്ടുപ്രവർത്തിക്കു​ന്നവർക്കും പൊതുമാപ്പ്​ പ്രഖ്യാപിച്ചു. ഇവരോട്​ ജോലിയിൽ തിരിച്ചുവരാൻ നിർദേശിച്ചിട്ടുണ്ട്​.  അഫ്ഗാനിസ്താന്‍റെ മണ്ണില്‍ മറ്റു രാജ്യങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നും കാബൂളിലെ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുമെന്നും താലിബാൻ വക്​താവ്​ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. യു.എന്‍ ഉള്‍പ്പെടെയുള്ള രാജ്യാന്തര ഏജന്‍സികള്‍ നേരിട്ടു ചര്‍ച്ചയ്ക്ക് തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇത്തവണ അഫ്​ഗാൻ കീഴടക്കിയ ശേഷം താലിബാൻ നടത്തുന്ന ആദ്യ വാർത്താസമ്മേളനമായിരുന്നു ചൊവ്വാഴ്ച നടന്നത്​. ജനങ്ങളിൽ വ്യാപകമായ, ഭീതിയെ അകറ്റുന്ന തരത്തിലുള്ള പ്രഖ്യാപനങ്ങൾക്കായിരുന്നു താലിബാൻ വക്​താവ്​ സൈബുല്ല മുജാഹിദ്​ നടത്തിയ വാർത്താ സമ്മേളനത്തിൽ ഊന്നൽ നൽകിയത്​.

സ്ത്രീകള്‍ക്കു ജോലി ചെയ്യാനും വിദ്യാഭ്യാസത്തിനും അനുമതി നല്‍കും. സ്ത്രീകള്‍ക്ക് ഇസ്‍ലാം നല്‍കുന്ന എല്ലാ അവകാശങ്ങളും ഉറപ്പാക്കും.

എല്ലാവര്‍ക്കും പൊതുമാപ്പ് നൽകും. വിദേശ സൈന്യങ്ങള്‍ക്കൊപ്പം താലിബാനെ എതിര്‍ത്തവരോട് പ്രതികാരം ചെയ്യില്ലെന്നും വക്​താവ്​ പറഞ്ഞു. സ്​ത്രീകളെ​ ഭരണത്തിൽ പങ്കാളികളാകാൻ ക്ഷണിച്ച താലിബാൻ മാറ്റത്തിനുള്ള സന്നദ്ധതയും പ്രകടിപ്പിച്ചു.

മുന്‍ സര്‍ക്കാരിനൊപ്പം നിന്നവരടക്കം എല്ലാവര്‍ക്കും പൊതുമാപ്പ് നല്‍കും. വിദ്യാഭ്യാസവും അനുഭവ സമ്പത്തുമുള്ള ആരും രാജ്യം വിട്ടുപോകരുത്. യുദ്ധമല്ല, സ്ഥിരതയും സമാധാനവുമാണ് അഫ്ഗാനിൽ ആഗ്രഹിക്കുന്നതെന്നും എല്ലാവരും സാധാരണ ജീവിതത്തിലേക്ക്​ ആത്മവിശ്വാസത്തോടെ തിരിച്ചുവരണമെന്നും താലിബാൻ വക്​താവ്​ വ്യക്തമാക്കി.

തലസ്​ഥാനനഗരിയായ കാബൂൾ കീഴടക്കിയതിനു പിന്നാലെയുണ്ടായ പരിഭ്രാന്തിയും കൂട്ടപലായന ശ്രമങ്ങളും ആഗോളതലത്തിൽതന്നെ കടുത്ത ആശങ്ക ഉയർത്തിയ പശ്ചാത്തലത്തിലാണ്​, താലി​ബാ​െൻറ പുതിയ നീക്കം​. ചൊവ്വാഴ്​ച കാബൂൾ നഗരം സമാധാനനില വീണ്ടെടുത്തതായാണ്​​ റിപ്പോർട്ടുകൾ. കാബൂൾ വിമാനത്താവളത്തി​െൻറ പ്രവർത്തനം പുനരാരംഭിച്ചതോടെ,​ വിദേശ രാജ്യങ്ങൾ നയതന്ത്ര ജീവനക്കാരെ ഒഴിപ്പിക്കുന്ന നടപടികൾ സജീവമാക്കി. രാജ്യത്ത്​ ഉടനെ സർക്കാർ സംവിധാനമുണ്ടാകുമെന്നും അതിനു കളമൊരുക്കാൻ വിദേശസേനകൾ ഒഴിഞ്ഞുപോകുന്നതിന്​ കാത്തിരിക്കുകയാണെന്നും താലിബാൻ സാംസ്​കാരിക സമിതി അംഗം ഇനാമുല്ല സമൻഗനി അറിയിച്ചു. ഭരണകൂടത്തി​െൻറ ഘടന പൂർണമായി പറയാറായിട്ടില്ല. എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന ഇസ്​ലാമിക ഭരണത്തിനായിരിക്കും ശ്രമിക്കുകയെന്നും ഇനാമുല്ല കൂട്ടിച്ചേർത്തു.

ഭരണം പിടിച്ചതിനു പിന്നാലെ രാജ്യമെങ്ങും അക്രമം അഴിച്ചുവിടുമെന്ന പ്രചാരണത്തിൽ ജനങ്ങൾ ഭയപ്പെട്ടുവെന്ന്​ മനസ്സിലാക്കിയ താലിബാൻ, പൗരന്മാരുടെ വിശ്വാസമാർജിക്കാൻ നീക്കം തുടങ്ങിയതായി 'അൽജസീറ'യുടെ കാബൂൾ ലേഖകൻ ​റോബ്​ മാക്​ബ്രൈഡ്​ റിപ്പോർട്ടു ചെയ്​തു.

മറ്റുള്ളവരുടെയെല്ലാം അഭിപ്രായങ്ങൾ പരിഗണിച്ചു മുന്നോട്ടുപോകുമെന്ന താലിബാ​െൻറ പ്രഖ്യാപനം ശുഭോദർക്കമാണെന്ന്​ റഷ്യ പ്രസ്​താവിച്ചു. ചൈന, പാകിസ്​താൻ, റഷ്യ എംബസികൾ പ്രവർത്തനം തുടരുന്നുണ്ട്​. താലിബാൻ പ്രതിനിധി സംഘം ദോഹയിൽ ഖത്തർ വിദേശകാര്യ മന്ത്രിയുമായി സ്​ഥിതിഗതികൾ ചർച്ചചെയ്​തു. അഫ്​ഗാനിൽ താലിബാൻ അടക്കമുള്ള വിവിധ കക്ഷികളുമായി ചർച്ചകൾ നടത്തിവരുകയാണെന്ന്​ തുർക്കി വിദേശകാര്യമന്ത്രി മെവ്​ലുത്​ കാവുസോഗ്​ലു അറിയിച്ചു.

ചൈനക്കു പുറമെ ചൊവ്വാഴ്​ച റഷ്യയും താലിബാൻ ഭരണത്തെ പിന്തുണക്കുമെന്നറിയിച്ചു. എല്ലാവരെയും ഉ​ൾക്കൊള്ളുന്ന രാഷ്​ട്രീയ പരിഹാരമാണ്​ അഫ്​ഗാ​െൻറ മുന്നോട്ടുള്ള ശരിയായ വഴിയെന്ന്​ പാകിസ്​താനും പ്രതികരിച്ചു. എന്നാൽ, പടിഞ്ഞാറിനെ ആക്രമിക്കാൻ അഫ്​ഗാൻ മണ്ണ്​ ഉപയോഗിക്കാൻ ഇടവരുത്തരുതെന്ന്​ ബ്രിട്ടൻ താലിബാന്​ മുന്നറിയിപ്പ്​ നൽകി. അഫ്​ഗാ​െൻറ സൈനികസംവിധാനത്തി​െൻറ അപ്രതീക്ഷിത തകർച്ചക്ക്​ ഉത്തരവാദികൾ രാജ്യഭരണാധികാരികളാണെന്ന്​ നാറ്റോ ആരോപിച്ചു. എന്നാൽ, സേനാപിന്മാറ്റത്തിൽ മാറ്റമൊന്നും ഇല്ലെന്നും രാജ്യത്തുനിന്നു പരമാവധി അമേരിക്കൻ പൗരന്മാരെയും തങ്ങളുടെ അഫ്​ഗാനിലെ സഹായികളെയും ഒഴിപ്പിക്കുമെന്നും യു.എസ്​ പ്രതിരോധകേന്ദ്രമായ പെൻറഗൺ അറിയിച്ചു.

അഫ്​ഗാനിലെ വിവിധ രാഷ്​ട്രീയ നേതൃത്വങ്ങളുമായി ചർച്ചകൾക്കായി മുതിർന്ന താലിബാൻ നേതാവ്​ അമീർഖാൻ മുത്തഖി കാബൂളിലെത്തി. അഫ്​ഗാനിൽനിന്നുള്ള അഭയാർഥികളെ എല്ലാ രാജ്യങ്ങളും സ്വീകരിക്കണമെന്നും ആരെയും പുറത്താക്കരുതെന്നും ഐക്യരാഷ്​ട്രസഭ സെക്രട്ടറി ജനറൽ അ​േൻറാണിയോ ഗു​​െട്ടറസ്​ ആവശ്യപ്പെട്ടു.

Tags:    
News Summary - taliban's first news conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.