ഇസ്രായേൽ വിരുദ്ധ നിലപാട് പറഞ്ഞതിന് സൂപ്പർമാൻ സിനിമയിലെ വേഷം നഷ്ടപ്പെട്ടുവെന്ന, പ്രശസ്ത ഈജിപ്ഷ്യൻ കൊമേഡിയൻ ബാസിം യൂസുഫിന്റെ പ്രസ്താവനയുടെ അലയൊലി നിലക്കുന്നില്ല. ഗസ്സ-ഇസ്രായേൽ സംഘർഷത്തിൽ പ്രമുഖ ബ്രിട്ടീഷ് അവതാരകൻ പിയേഴ്സ് മോർഗൻ അൽപനാൾ മുമ്പ് നടത്തിയ അഭിമുഖത്തിൽ, ബാസിം യൂസുഫ് ഇസ്രായേലിനെ കാര്യകാരണ സഹിതം വിമർശിച്ചിരുന്നു. വലതുപക്ഷ അനുകൂലിയായി അറിയപ്പെടുന്ന മോർഗനെ നിഷ്പ്രഭനാക്കുന്ന ബാസിമിന്റെ ആ അഭിമുഖം ആഗോള ഹിറ്റായിരുന്നു. ഇതിനു പിന്നാലെ, ഡി.സി സ്റ്റുഡിയോയുടെ ‘സൂപ്പർമാൻ: ലെഗസി’ സിനിമയിൽ തനിക്കു പറഞ്ഞിരുന്ന വേഷം നഷ്ടമായെന്നാണ് ബാസിം കഴിഞ്ഞ ദിവസം സൂചിപ്പിച്ചത്. സിനിമയിൽ ഹർജവ്തി എന്ന ഏകാധിപതിയുടെ റോളാണ് പറഞ്ഞുവെച്ചിരുന്നതത്രെ.
‘യു.എസിൽ നിങ്ങൾക്ക് ബൈഡനെക്കുറിച്ച് പറയാം, ഡോണൾഡ് ട്രംപിനെക്കുറിച്ച് പറയാം, എന്നാൽ, ഒരു വിദേശ രാജ്യത്തെക്കുറിച്ച് പറഞ്ഞാൽ..... കഷ്ടം തന്നെ അല്ലേ’ -ഇസ്രായേലിനെ പേരെടുത്തു പറയാതെ ബാസിം വിവരിക്കുന്നു..
ബാസിമിന്റെ പ്രസ്താവന വിവാദമായതോടെ, സംവിധായകനും ഡി.സി സ്റ്റുഡിയോ തലവനുമായ ജെയിംസ് ഗൻ നിഷേധവുമായി രംഗത്തെത്തി. ബാസിമിന്റെ റോൾ ഇല്ലാതായെന്നത് സത്യമാണെന്നും അത് പക്ഷേ തിരക്കഥയിൽ വന്ന മാറ്റം കാരണമാണെന്നും പറഞ്ഞ ഗൻ, ഈ മാറ്റം നടന്നത് മോർഗൻ-ബാസിം അഭിമുഖത്തിനു മുമ്പാണെന്നും കൂട്ടിച്ചേർത്തു. തനിക്കു ഫീൽ ചെയ്ത കാര്യം വെളിപ്പെടുത്തുക മാത്രമാണുണ്ടായതെന്നും ഏറെ ബഹുമാനിക്കുന്ന ജെയിംസ് ഗന്നിനെതിരെ ഇനിയൊന്നും പറയാനില്ലെന്നും ബാസിമും പ്രതികരിച്ചിരിക്കുകയാണ് ഒടുവിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.