കാബൂൾ: ലോകത്തെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളിലൊന്നായാണ് അഫ്ഗാനിസ്താനെ യു.എൻ എണ്ണുന്നത്. കാര്യമായ വരുമാന മാർഗങ്ങളില്ലാത്ത, വ്യവസായം വേരുപടർത്താത്ത, മികച്ച ഭരണകൂടങ്ങൾ ഇനിയും നാടുജയിക്കാത്ത അഫ്ഗാനിസ്താൻ ദരിദ്രമായി തുടരുമെന്നു തന്നെ കണക്കുകൂട്ടാനാകും എല്ലാവർക്കും താൽപര്യം.
എന്നാൽ, രാജ്യം മണ്ണിനടിയിൽ കാത്തുസൂക്ഷിക്കുന്ന പ്രകൃതി വിഭവങ്ങളുടെ അനന്ത സാധ്യതകളിലേക്ക് കൺതുറന്നുപിടിച്ച ശക്തികൾ പുറത്തുവിട്ട കണക്കുകൾ അദ്ഭുതപ്പെടുത്തുന്നതാണ്. ചുരുങ്ങിയത് ലക്ഷം കോടി ഡോളർ (ഏകദേശം 75 ലക്ഷം കോടി രൂപ) മൂല്യമുള്ള പ്രകൃതി വിഭവങ്ങൾ അഫ്ഗാൻ മണ്ണിനടിയിലുണ്ടെന്ന് യു.എസ് സൈനിക ഉദ്യോഗസ്ഥരുടെയും ഭൂഗർഭ ശാസ്ത്രജ്ഞരുടെയും കണക്കുകൾ പറയുന്നു.
ഇരുമ്പ്, ചെമ്പ്, സ്വർണം എന്നിങ്ങനെ പല ഭാഗങ്ങളിലായി ഒളിഞ്ഞുകിടക്കുന്നത് നിരവധി ഖനിജങ്ങൾ. ലോകത്തെ ഏറ്റവും വലിയ ലിഥിയം ശേഖരമുള്ള രാജ്യം ചിലപ്പോൾ അഫ്ഗാനിസ്താനാകുമെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. റീചാർജ് ചെയ്യപ്പെടുന്ന ബാറ്ററികളിലും മറ്റു സാങ്കേതികതകളിലും വ്യാപകമായി ഉപയോഗിക്കപ്പെടുന്നതാണ് ലിഥിയം.
'വിലപിടിച്ച ധാതുവിഭവങ്ങൾ പരിഗണിച്ചാൽ ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നാണ് അഫ്ഗാനിസ്താൻ''- ഇക്കോളജിക്കൽ ഫ്യൂച്ചേഴ്സ് ഗ്രൂപ് സ്ഥാപകരിലൊരാളായ ശാസ്ത്രജ്ഞൻ റോഡ് ഷൂനോവർ പറയുന്നു.
യു.എസ് അധിനിവേശം നിലനിർത്തിയ 2020ലെ കണക്കുകൾ പ്രകാരം അഫ്ഗാനിസ്താനിലെ 90 ശതമാനം ജനങ്ങളും കടുത്ത പട്ടിണിയിലാണ്. പ്രതിദിനം രണ്ടു ഡോളറിൽ താഴെയാണ് ജനങ്ങളുടെ വരുമാനം. ഈ രാജ്യത്താണ് മൊത്തം ജനങ്ങളെയും കൈപിടിച്ചുയർത്താൻ ശേഷിയുളള ധാതുക്കളുടെ വൻസമ്പത്ത് മണ്ണിനടിയിൽ കിടക്കുന്നത്.
നേരത്തെ സോവ്യറ്റ് റഷ്യയാണ് അഫ്ഗാനിസ്താനിലെ പ്രകൃതി വിഭവങ്ങളെ കുറിച്ച് ആദ്യ പഠനം നടത്തിയിരുന്നത്. അത് പിന്നീട് അമേരിക്കയും ഏറ്റെടുത്തു.
ഫോസിൽ ഇന്ധനങ്ങൾക്കുമേൽ ആശ്രയം കുറച്ച് വൈദ്യുതിയിലോടുന്ന വാഹനങ്ങളിലേക്ക് ലോകം
മാറാനൊരുങ്ങുേമ്പാഴാണ് അഫ്ഗാനിസ്താനിലെ അത്യപൂർവ ലിഥിയം േശേഖരം ഉപയോഗിക്കപ്പെടാതെ കിടക്കുന്നത്. നിലവിൽ ചൈന, കോംഗോ റിപ്പബ്ലിക്ക്, ആസ്ട്രേലിയ രാജ്യങ്ങളിൽനിന്നാണ് ലോകത്തിനാവശ്യമായ ലിഥിയം, കൊബാൾട്ട്, മറ്റ് അപൂർവ ധാതുക്കൾ എന്നിവയുടെ 75 ശതമാനവും എത്തുന്നത്.
പെട്രോളിലും ഡീസലിലുമോടുന്ന വാഹനങ്ങൾക്കാവശ്യമായതിന്‍റെ ആറിരട്ടി അധികം ആവശ്യമാണ് ഇത്തരം വസ്തുക്കൾ. നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ ലിഥിയം നിക്ഷേപമുള്ള ബൊളീവിയയെ വെല്ലുന്നതാണ് അഫ്ഗാനിസ്താനിലെ നിക്ഷേപമെന്ന് യു.എസ് കണക്കുകൾ പറയുന്നു. ഇവ ഖനനം ചെയ്തെടുക്കാൻ നടപടികൾ സ്വീകരിച്ചാൽ അഫ്ഗാനിസ്താന് അതിവേഗം ദാരിദ്ര്യമകറ്റാനാകുമെന്നാണ് വിലയിരുത്തൽ.
അതുപക്ഷേ, എളുപ്പമല്ലെന്നതാണ് പ്രധാന പ്രശ്നം. സ്വർണം, ചെമ്പ്, ഇരുമ്പ് തുടങ്ങിയവ ഖനനം ചെയ്യുന്നതിനെക്കാൾ ശ്രമകരമാണെന്നു മാത്രമല്ല, കൂടുതൽ നിക്ഷേപവും മികച്ച സാങ്കേതികതയും ആവശ്യമുള്ളതുമാണ്. കണ്ടെത്തി ചുരുങ്ങിയത് 16 വർഷമെങ്കിലുമെടുത്തേ ഇവ വ്യാവസായികാടിസ്ഥാനത്തിൽ ഉപയോഗപ്പെടുത്താനാവൂ. താലിബാൻ അതിന് മുതിരുമോ എന്ന് കണ്ടറിയണം.
നിലവിൽ 100 കോടി ഡോളർ മാത്രമാണ് ധാതുഖനനം വഴി അഫ്ഗാന്റെ വാർഷിക വരുമാനം. അതിലേറെയും അഴിമതിയായി പോകുകയും ചെയ്യുന്നു. എന്നാൽ, താലിബാനുമായി അടുത്ത ബന്ധത്തിന് ശ്രമിക്കുന്ന ചൈന ഈ രംഗത്തുകൂടി ശ്രദ്ധ ചെലുത്തുമോ എന്നാണ് അമേരിക്ക ഉറ്റുനോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.