ഗസ്സ: ‘സൈനിക ടാങ്കുകളടക്കം ആശുപത്രി വളപ്പിലേക്ക് ഇരച്ചുകയറി. എല്ലായിടത്തുനിന്നും വെടിയൊച്ച കേൾക്കാമായിരുന്നു. എല്ലാവരും കീഴടങ്ങണമെന്ന് ഉച്ചഭാഷിണിയിലൂടെ വിളിച്ചുപറഞ്ഞു’ -ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ശിഫയിൽ അതിക്രമിച്ചുകയറി ഇസ്രായേൽ സേന നടത്തിയ ഭീകരത എമർജൻസി വിഭാഗം ജീവനക്കാരനായ ഉമർ സാകൂത്ത് വിവരിച്ചു. രോഗികളെയടക്കം അവർ പിടികൂടി ക്രൂരമായി മർദിച്ചു. മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന വെയർഹൗസ് ബോംബിട്ട് തകർത്തു. കുട്ടികളും സ്ത്രീകളുമടക്കം ചകിതരായി ഓടുന്ന കാഴ്ചയായിരുന്നു എല്ലായിടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസങ്ങൾ നീണ്ട ഉപരോധത്തിനും ആക്രമണങ്ങൾക്കും വെടിവെപ്പിനുമൊടുവിലാണ് ഇസ്രായേൽ സേന ആശുപത്രിയിലേക്ക് ഇരച്ചുകയറിയത്. ചൊവ്വാഴ്ച രാത്രി പ്രാദേശിക സമയം ഒമ്പതോടെ വെടിയുതിർത്തും ബോംബെറിഞ്ഞും ആശുപത്രി ഗേറ്റും മതിലും തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഉള്ളിൽ കടന്ന സേന നിരവധിപേരെ പിടികൂടിയതായി ‘അൽ ജസീറ’ റിപ്പോർട്ട് ചെയ്തു. വിവസ്ത്രരാക്കിയും കണ്ണുകെട്ടിയും ഇവരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. ആശുപത്രി ജീവനക്കാരും ഡോക്ടർമാരും അഭയം തേടിയെത്തിയവരുമടക്കം 200ഓളം പേരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
ആശുപത്രിക്കടിയിലെ ഭൂഗർഭ തുരങ്കത്തിൽ ഹമാസ് സൈനിക കേന്ദ്രം പ്രവർത്തിക്കുന്നുണ്ടെന്ന് ആരോപിച്ചാണ് അതിക്രമം. ഹമാസും ഗസ്സ ആരോഗ്യമന്ത്രാലയവും പല തവണ ആരോപണം നിഷേധിച്ചിട്ടും ആശുപത്രി പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ ദിവസങ്ങളായി ചുറ്റും തമ്പടിച്ചിരിക്കുകയായിരുന്നു ഇസ്രായേൽ സേന. ഇന്ധനം തീർന്ന് വൈദ്യുതിയും വെള്ളവും മരുന്നുമില്ലാതെ ആശുപത്രിയിൽ ദുരിത ജീവിതം നയിച്ചിരുന്ന നവജാത ശിശുക്കളടക്കമുള്ളവരുടെ ജീവൻ ഇതോടെ കൂടുതൽ അപകടത്തിലായി. ആശുപത്രികളെ കുരുതിക്കളമാക്കുന്ന ഇസ്രായേൽ നടപടിയെ ഐക്യരാഷ്ട്രസഭയടക്കം ലോകരാജ്യങ്ങൾ അപലപിച്ചിട്ടുണ്ട്.
അതേസമയം, ഗസ്സ തെരുവുകളിൽ ഹമാസും ഇസ്രായേൽ സേനയും തമ്മിൽ രൂക്ഷ പോരാട്ടം തുടരുകയാണ്. രണ്ട് സൈനികർകൂടി കൊല്ലപ്പെട്ടതായി ഇസ്രായേൽ സേന അറിയിച്ചു. കരയുദ്ധം തുടങ്ങിയതുമുതൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 47 ആയി. എന്നാൽ, ചൊവ്വാഴ്ച രാവിലെ മുതൽ ഒമ്പത് ഇസ്രായേൽ സൈനികരെ കൊലപ്പെടുത്തിയതായും 22 സൈനിക വാഹനങ്ങൾ നശിപ്പിച്ചതായും ഇസ്സുദ്ദീൻ അൽ ഖസ്സാം ബ്രിഗേഡ് അറിയിച്ചു. ഇസ്രായേൽ നഗരമായ സദറോത്തിലേക്ക് ഹമാസിന്റെ മിസൈൽ ആക്രമണം തുടരുകയാണ്. നുസൈറാത്ത് അഭയാർഥി ക്യാമ്പിനു സമീപം ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടു. അൽ ഖറാറയിൽ ധാന്യ മില്ല് ബോംബിട്ട് തകർത്തു. നിരവധി പേർ കൊല്ലപ്പെട്ടു. തുൽകറമിൽ യാസർ അറഫാത്ത് സ്മാരകം ബുൾഡോസർ കൊണ്ട് തകർത്തു. വെസ്റ്റ്ബാങ്കിൽ നടത്തിയ വ്യാപക പരിശോധനയിൽ വിദ്യാർഥികളടക്കം 78 പേരെ അറസ്റ്റ് ചെയ്തു.
ശാത്തി അഭയാർഥി ക്യാമ്പ് പൂർണമായി പിടിച്ചെടുത്തതായി ഇസ്രായേലി സൈനിക വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു. ഹമാസിന് വടക്കൻ ഗസ്സയുടെ നിയന്ത്രണം പൂർണമായി നഷ്ടപ്പെട്ടതായും ഗസ്സ സിറ്റിയിൽ നിർണായക വിജയം നേടിയതായും ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് വാർത്തസമ്മേളനത്തിൽ അവകാശപ്പെട്ടു. ഇന്ധനം തീർന്ന് വാർത്താവിനിമയ സംവിധാനങ്ങൾ തകരാറിലായതിനാൽ ഗസ്സയിലെ പൂർണ മരണക്കണക്ക് പുറത്തുവന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.