ജറൂസലം: ഈജിപ്ത് പൊലീസുകാരന്റെ വെടിയേറ്റ് മൂന്ന് ഇസ്രായേൽ സൈനികർ മരിച്ചു. ഇസ്രായേൽ-ഈജിപ്ത് അതിർത്തിയിലാണ് സംഭവം. ഈജിപ്ത് സൈന്യവുമായി ചേർന്ന് വെടിവെപ്പിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു.
മയക്കുമരുന്ന് കടത്തുകാരെ പിന്തുടരവെ തങ്ങളുടെ സുരക്ഷ ഉദ്യോഗസ്ഥൻ അതിർത്തി ചെക്ക്പോയന്റ് കടന്നതായി ഈജിപ്ത് സൈന്യം പറഞ്ഞു. അതേസമയം, രാത്രിയിൽ നടത്തിയ മയക്കുമരുന്ന് വേട്ടയുമായി വെടിവെപ്പിന് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി ഇസ്രായേൽ സൈന്യം പ്രസ്താവനയിൽ പറഞ്ഞു.
ശനിയാഴ്ച രാവിലെ അതിർത്തിയിലെ വിദൂരമേഖലയിൽ കാവൽനിന്ന ഒരു പുരുഷനും ഒരു വനിതയും ഉൾപ്പെടെ രണ്ടു സൈനികരാണ് കൊല്ലപ്പെട്ടത്. ഇവരെക്കുറിച്ച് വിവരം ലഭിക്കാത്തതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വെടിവെപ്പിൽ മറ്റൊരു സൈനികന് പരിക്കേറ്റിരുന്നു. മണിക്കൂറുകൾക്കുശേഷം ഇസ്രായേൽ സൈന്യം നടത്തിയ തിരച്ചിലിൽ അക്രമിയെ കണ്ടെത്തി വളഞ്ഞു. തുടർന്ന് നടന്ന വെടിവെപ്പിൽ മറ്റൊരു ഇസ്രായേൽ സൈനികനും അക്രമിയും കൊല്ലപ്പെട്ടു. ഇയാൾ ഈജിപ്ത് പൊലീസുകാരനാണെന്നാണ് ഇസ്രായേൽ സൈന്യം പറയുന്നത്.
തങ്ങളുടെ സുരക്ഷ സൈനികൻ മയക്കുമരുന്ന് കടത്തുകാരെ പിന്തുടരുകയായിരുന്നുവെന്നും തുടർന്ന് നടന്ന വെടിവെപ്പിൽ ഇസ്രായേലികൾ കൊല്ലപ്പെടുകയായിരുന്നുവെന്നും ഈജിപ്ത് സൈന്യം പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു. രാത്രി നടന്ന ഓപറേഷനിൽ നാലു ലക്ഷം ഡോളറിന്റെ മയക്കുമരുന്ന് ഇസ്രായേൽ സേന പിടിച്ചെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.