വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇന്ത്യൻ വംശജയായ കമല ഹാരിസിന് ഒട്ടും യോഗ്യതയില്ലെന്നും വൈസ് പ്രസിഡന്റ് എന്ന നിലയിൽ ഏൽപിക്കപ്പെട്ട ചുമതലകൾ പോലും നിർവഹിക്കുന്നതിൽ അവർ പരാജയപ്പെട്ടെന്നും റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി ഡോണൾഡ് ട്രംപ്. പ്രസിഡന്റ് ജോ ബൈഡന്റെ ഇൻഷുറൻസ് പോളിസിയാണ് വൈസ് പ്രസിഡന്റ് കമല ഹാരിസെന്നും ട്രംപ് പരിഹസിച്ചു.
ജൂൺ27ന് ട്രംപുമായി നടന്ന സംവാദത്തിൽ മോശം പ്രകടനം നടത്തിയ ബൈഡൻ മത്സരത്തിൽ നിന്ന് പിൻമാറണമെന്നും ഡെമോക്രാറ്റിക് പാർട്ടി നേതാക്കളിൽ പലരും ആവശ്യപ്പെട്ടിരുന്നു. പകരം കമല ഹാരിസിനെ സ്ഥാനാർഥിയാക്കണമെന്നായിരുന്നു അവരുടെ നിർദേശം. 81 കാരനായ ബൈഡന്റെ ആരോഗ്യനിലയെ കുറിച്ചും ഡെമോക്രാറ്റുകൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
'മികച്ച തീരുമാനമെടുത്തതിന് ജോ ബൈഡന് നിങ്ങൾ ക്രെഡിറ്റ് നൽകണം. ചിലപ്പോൾ ഏറ്റവും മികച്ച തീരുമാനമായിരിക്കാം അദ്ദേഹത്തിന്റെത്. എന്നാൽ തന്റെ വൈസ് പ്രസിഡന്റായി കമല ഹാരിസിനെ അദ്ദേഹം തെരഞ്ഞെടുത്തത് ഒരിക്കലും മികച്ച തീരുമാനമായിരുന്നില്ല. കാരണം അതൊരു ഇൻഷുറൻസ് പോളിസിയാണ്. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ഇൻഷുറൻസ് പോളിസിയാണത്.'-ട്രംപ് ഫ്ലോറിഡയിൽ അനുയായികളോട് പറഞ്ഞു. വൈസ് പ്രസിഡന്റ് എന്ന നിലയിൽ കമല ഹാരിസ് പ്രധാനപ്പെട്ട രണ്ട് ജോലികളാണ് നൽകിയത്, ഒന്ന് അതിർത്തി സുരക്ഷയും രണ്ടാമത് യുക്രെയ്നെ ആക്രമിക്കുന്നതിൽ നിന്ന് റഷ്യയെ തടയാനുള്ള ചുമതലയും. എന്നാൽ അതിർത്തി രക്ഷാ ചുമതലയിൽ അവർ ശോഭിച്ചില്ല. ഒരിക്കൽ പോലും അതിർത്തിയിലേക്ക് പോവുക പോലും ചെയ്തില്ല. തത്ഫലമായി ബൈഡൻ ഭരണകാലത്ത് യു.എസിന്റെ ചരിത്രത്തിലെ ഏറ്റവും മോശം അതിർത്തിയായി മാറി. നമുക്ക് മികച്ച അതിർത്തി സുരക്ഷയുണ്ടായിരുന്നു. എന്നാൽ കമല അത് താറുമാറാക്കി. റഷ്യയുടെ യുക്രെയ്ൻ ആക്രമണം തടയാൻ അവരെ യൂറോപ്പിലേക്കയച്ചു. എന്നിട്ടെന്തായി? ഒന്നും നടന്നില്ല. ഏൽപിക്കപ്പെട്ട രണ്ട് ചുമതലകളും വിജയിപ്പിക്കുന്നതിൽ കമല ഹാരിസ് ദയനീയമായി പരാജയപ്പെട്ടു. അതിർത്തിയിൽ ഒരുതരത്തിലുള്ള സുരക്ഷയുമില്ലാത്തതിനാൽ നമുക്ക് നഷ്ടമായത് 150000 കുട്ടികളെയാണ്. അതിൽ ഒരുപാട് പേർ ബലാത്സംഗത്തിന് ഇരയാക്കപ്പെട്ടിട്ടുണ്ടാകും. ചിലരെ മനുഷ്യക്കടത്തുകാർ പിടികൂടിക്കാണും. അല്ലെങ്കിൽ ഭീകരമായി പീഡിപ്പിച്ചുകാണും.-ട്രംപ് പറഞ്ഞു. 59കാരിയായ കമല ഒരു സോഷ്യലിസ്റ്റാണെന്നും അമേരിക്കക്കാർക്ക് വേണ്ടത് സ്വാതന്ത്ര്യമാണെന്നും ട്രംപ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.