വാഷിങ്ടൺ: യു.എസിൽ ട്വിറ്റർ അക്കൗണ്ട് ഹാക്കിങ് വഴി നടന്ന ബിറ്റ്കോയിൻ തട്ടിപ്പ് സംബന്ധിച്ച് എഫ്.ബി.ഐ അന്വേഷണം തുടങ്ങി. തട്ടിപ്പിനെതിരെ ജനം ജാഗ്രത പാലിക്കണമെന്ന് അന്വേഷണ ഏജൻസി അറിയിച്ചു. കൃത്യമായ ആസൂത്രണത്തോടെ നടത്തിയ തട്ടിപ്പാണിതെന്നാണ് വിലയിരുത്തൽ.
ബിൽ ഗേറ്റ്സ്, ജോ ബൈഡൻ, ബറാക് ഒബാമ തുടങ്ങിയ പ്രമുഖരുടെ അക്കൗണ്ടുകളിലും ഹാക്കർമാർ നുഴഞ്ഞു കയറിയിട്ടുണ്ട്. പ്രമുഖരുടെ അക്കൗണ്ടുകളിൽനിന്ന് ക്രിപ്റ്റോ കറൻസി വഴിയുള്ള സംഭാവന ചോദിച്ചുള്ള സന്ദേശങ്ങൾ അയക്കുകയായിരുന്നു. ‘എനിക്ക് ആയിരം ഡോളർ അയച്ചാൽ പകരം രണ്ടായിരം ഡോളർ തരാം’ എന്നാണ് പലരുടെയും ട്വിറ്റർ സന്ദേശത്തിലുള്ളത്.
കോവിഡ് പ്രതിസന്ധിയുടെ ഘട്ടത്തിൽ സമൂഹത്തിനായി ചെലവഴിക്കുക തുടങ്ങിയ സന്ദേശങ്ങളും ഇതോടൊപ്പമുണ്ടായിരുന്നു. മണിക്കൂറുകൾക്കുള്ളിൽ സന്ദേശത്തിൽ പറഞ്ഞിരുന്ന അക്കൗണ്ടിലേക്ക് ലക്ഷക്കണക്കിന് ഡോളർ ഒഴുകി.വിഷയത്തിൽ ട്വിറ്റർ വിശദീകരണം നൽകണമെന്ന് യു.എസ് സെനറ്റ് വാണിജ്യകാര്യ സമിതി ആവശ്യപ്പെട്ടു. ആദ്യം തങ്ങളുടെ തൊഴിലാളികളെ ലക്ഷ്യമിട്ട് നീക്കങ്ങൾ നടത്തിയ ഹാക്കർമാർ പിന്നീട് അതുവഴി ഇൻറർനെറ്റ് സംവിധാനങ്ങളിലേക്ക് നുഴഞ്ഞുകയറുകയായിരുന്നുവെന്ന് ട്വിറ്റർ വ്യക്തമാക്കി. പ്രശ്നം ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിച്ചതായും കമ്പനി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.