മഹാമാരി വന്നിട്ടില്ലാത്ത കാലമായിട്ടുപോലും മാസ്കണിഞ്ഞായിരുന്നു എപ്പോഴും പുരുഷൻമാരുടെ നിൽപ്- കഥ പറഞ്ഞുതുടങ്ങുകയാണ്, തുർസുനെ സിയാവുദ്ദീൻ. അവർ എപ്പോഴും സ്യൂട്ടിലായിരിക്കും. പക്ഷേ, അത് പൊലീസ് യൂനിഫോം ആകില്ല. അർധരാത്രി കഴിഞ്ഞ് അവർ സെല്ലുകളിലെത്തും. ഇഷ്ടമുള്ള വനിതകളെ തെരഞ്ഞാണ് വരവ്. ഇടനാഴി ഇറങ്ങി ബ്ലാക് റൂം' എന്ന നിരീക്ഷണ ക്യാമറകളില്ലാത്ത മുറികളിലേക്കാണ് യാത്ര. പല രാത്രികളിൽ താനും ആ ക്രൂരതക്ക് ഇരയായെന്ന് തുർസുനെ സിയാവുദ്ദീൻ. 'തെൻറ ജീവിതത്തിൽ ഒരിക്കലും ഓർക്കാനാവാത്ത മുറിവായി ഇത് എന്നും നിലനിൽക്കുമെന്ന്' അവൾ പറയുന്നു. ഇത്രയും പറയാൻ പോലും തനിക്കിഷ്ടമില്ലെന്ന് തുർസുനെ.
ചൈനയിൽ സിൻജിയാങ് പ്രവിശ്യയിൽ സ്ഥാപിച്ച അതി നിഗൂഢവും പ്രവിശാലവുമായ തടവറകളിലൊന്നിൽ നീണ്ട ഒമ്പതു മാസമാണ് തുർസുനെ സിയാവുദ്ദീന് കഴിയേണ്ടിവന്നത്. സ്വതന്ത്ര റിപ്പോർട്ടുകൾ പ്രകാരം ഏറെ ദൂരത്തിൽ പടർന്നുകിടക്കുന്ന ഇൗ കോൺക്രീറ്റ് ജയിലുകളിൽ ദുരിത ജീവിതം താണ്ടി 10 ലക്ഷത്തിലേറെ പുരുഷൻമാരും സ്ത്രീകളുമുണ്ട്. ഉയ്ഗൂറുകളുടെയും ഇതര ന്യൂനപക്ഷങ്ങളുടെയും പുനർവിദ്യാഭ്യാസം മാത്രമാണ് ഇവയുടെ ലക്ഷ്യമെന്ന് ചൈന പറയുന്നു.
എന്നാൽ, ഉയ്ഗൂറുകളുടെ മതപരവും അല്ലാത്തതുമായ എല്ലാ സ്വാതന്ത്ര്യവും ചൈന എന്നേ എടുത്തുകളഞ്ഞെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ കണ്ടെത്തൽ. ആകെ അവശേഷിക്കുന്നത് കൂട്ട നിരീക്ഷണം, കമ്യൂണിസ്റ്റ് ബോധനം, നിർബന്ധിത വന്ധ്യംകരണം എന്നിങ്ങനെ ചിലതു മാത്രം.
2014ൽ സിൻജിയാങ്ങിലെത്തിയ ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങാണ് പുതിയ നയത്തിെൻറ പിന്നിൽ. ഉയ്ഗൂർ വിഘടനവാദികൾ നടത്തിയതെന്നു പറയുന്ന സ്ഫോടനമായിരുന്നു കാരണം. 'ശകലം പോലും കാരുണ്യം അരുതെ'ന്നായിരുന്നു തൊട്ടുപിറകെ ഷിയുടെ നിർദേശമെന്ന് ന്യൂയോർക് ടൈംസിന് ചോർന്നുകിട്ടിയ രേഖകൾ പറയുന്നു. പിന്നീട് അവിടെ അരേങ്ങറിയത് വംശഹത്യയാണെന്ന് യു.എസ് സർക്കാർ പറയുന്നു. മറുവശത്ത്, കൂട്ട തടവും നിർബന്ധിത വന്ധ്യംകരണവും ശുദ്ധ നുണയും അസംബന്ധവുമാണെന്ന് പറഞ്ഞ് രക്ഷപ്പെടുന്നു, ചൈന.
ക്യാമ്പുകൾക്കകത്തു കുടുങ്ങിയവരിൽനിന്ന് നേരിട്ട് രേഖപ്പെടുത്തിയ മൊഴികൾ കുറവാണ്. പക്ഷേ, ഇത്തരക്കാരായ നിരവധി മുൻ തടവുകാരെയും ഒരു പാറാവുകാരനെയും കണ്ട് ബി.ബി.സി തയാറാക്കിയ മൊഴികളിൽ സംഘടിതമായി നടന്ന കൂട്ട മാനഭംഗത്തിെൻറയും ൈലംഗിക പീഡനങ്ങളുടെയും മർദനങ്ങളുടെയും ചിത്രം വ്യക്തമാക്കുന്നുണ്ട്.
തടവറ ജീവിതം കഴിഞ്ഞ് നാടുവിട്ട് യു.എസിലെത്തിയ തുർസുനെ സിയാവുദ്ദീൻ പറയുന്നു, വനിതകളെ എല്ലാ രാത്രികളിലും സംഘമെത്തി കൊണ്ടുപോയി ഒരാളോ ഒന്നിലേറെ പേരോ ചേർന്ന് മാനഭംഗത്തിനിരയാക്കുമെന്ന്. മൂന്നു തവണ താനും കൂട്ട മാനഭംഗത്തിനിരയായതായി അവർ വെളിപ്പെടുത്തുന്നു. അതും രണ്ടുമൂന്നു പേർ ചേർന്ന്. മുമ്പും മാധ്യമങ്ങളോട് സംസാരിച്ചിട്ടുണ്ട്, തുർസുനെ. അന്ന് പക്ഷേ, കസാഖ്സ്ഥാനിലായിരുന്നു. രഹസ്യസേനയെ വിട്ട് ഏതുനിമിഷവും ചൈന തിരികെ കൊണ്ടുപോകുമെന്ന് ഭയന്ന നാളുകൾ. നെഞ്ചുപൊള്ളുന്ന അനുഭവങ്ങൾ തുറന്നുപറഞ്ഞ ശേഷം തിരികെ ചൈനയിലെത്തിയാൽ അനുഭവിക്കേണ്ടിവരിക പഴയതിനെക്കാൾ വലിയ ഭീകരതയാകുമെന്നും തുർസുനെക്ക് ഉറപ്പ്.
ചൈന ഇപ്പോഴും കടുത്ത നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യത്തിൽ തുർസുനെയുടെ റിപ്പോർട്ട് അവിടെ ചെന്ന് സ്ഥിരീകരിക്കൽ നടക്കില്ല. പക്ഷേ, ബി.ബി.സിക്ക് അവൾ കാണിച്ചുകൊടുത്ത യാത്രാരേഖകൾ ഇവയുടെ വസ്തുത ഉറപ്പുവരുത്തുന്നു. സിൻയുവാനിലെ -ഉയ്ഗൂറുകൾക്ക് അത് കൂൻസ് ഗ്രാമം- ക്യാമ്പിനെ കുറിച്ച് തുർസുനെ നൽകിയ വിവരണവും ഉപഗ്രഹ ചിത്രങ്ങളും തമ്മിലുമുണ്ട് നല്ല സാമ്യം.
കൂൻസ് ഗ്രാമത്തിൽ 2017, 2018 വർഷങ്ങളിൽ ഉയ്ഗൂറുകളെ 'വിദ്യാഭ്യാസത്തിലൂടെ പരിവർത്തനം' (അങ്ങനെയാണ് ചൈനീസ് ഭാഷ്യം) നടത്താൻ തുടർന്ന പദ്ധതികളെ കുറിച്ച് അഡ്രിയൻ സെൻസ് എന്ന ചൈനീസ് വിദഗ്ധൻ വിശദമായി പറയുന്നുണ്ട്. 'വിദ്യാഭ്യാസത്തിലൂടെ പരിവർത്തനം' എന്നാൽ മസ്തിഷ്ക പ്രക്ഷാളനവും ഹൃദയ ശുദ്ധീകരണവും ധാർമിക ബോധവത്കരണവും തിന്മകളുടെ ഉച്ചാടനവുമാണെന്നാണ് വിശദീകരണം.
സിൻജിയാങിൽനിന്ന് കുടിയേറി കസാഖ്സ്ഥാനിൽ തുടരുന്ന ഒരു വനിതയെ കൂടി ബി.ബി.സി നേരിൽ കണ്ടിരുന്നു. 18 മാസമാണ് അവർ ജയിലിൽ കഴിയേണ്ടിവന്നത്. ക്യാമ്പിൽ വിവസ്ത്രരാക്കി കൈയാമം വെച്ച് ചൈനീസ് പുരുഷന്മാർക്കായി വിട്ടുകൊടുക്കുകയായിരുന്നു പതിവ്. എല്ലാം പൂർത്തിയായാൽ മുറി ശുദ്ധിയാക്കലും തെൻറ ഉത്തരവാദിത്വമാണ്, അവർ പറയുന്നു.
''സ്ത്രീകളെ അരക്കുമേൽ വിവസ്ത്രരാക്കലായിരുന്നു തെൻറ ജോലി, മാറിനിൽക്കാനാവാത്ത വിധം കൈയാമം വെക്കുകയും വേണം''- ഈ തടവറകളിലൊന്നിൽ കാവൽക്കാരനായിരുന്ന ഒരാളുടെ വാക്കുകൾ. 'എന്നിട്ട്, ഞാൻ സ്ഥലം വിടണം. പിന്നീട് പൊലീസുകാരോ അല്ലാത്തവരോ എത്തും. എല്ലാം പൂർത്തിയാക്കി അയാൾ മടങ്ങിയാൽ സ്ത്രീയെ കൊണ്ടുപോയി കഴുകുന്നതും എെൻറ ജോലി. തടവുകാരിൽ കാണാൻ ഭംഗിയുള്ളവരെ സംഘടിപ്പിച്ചുനൽകിയാൽ പണവും കിട്ടും''- കസാഖ് വനിത ഗുൽസിറ അവൽഖാൻ പറയുന്നു.
കടുത്ത ശിക്ഷ ഭയന്ന് ഗാർഡുമാരെ സഹായിക്കാൻ നിർബന്ധിതരായതിെൻറ അനുഭവം പറയുന്നുണ്ട്, മുൻ തടവുകാരിൽ വേറെ ചിലർ. ഒരിക്കൽ പോലും മറുത്തൊന്ന് ചെയ്യാനാകുമായിരുന്നില്ല. എന്നുവെച്ചാൽ, 'പദ്ധതിയിട്ട പ്രകാരം നടന്ന കൂട്ട മാനഭംഗമായിരുന്നു' സംഭവിച്ചത്'. ചില രാത്രികളിൽ പൊലീസുകാർ െകാണ്ടുപോയ വനിതകൾ ഒരിക്കലും മടങ്ങിവരാത്ത അനുഭവവുമുണ്ട്. തിരിച്ചുവന്നവർക്കാകട്ടെ, ഒന്നും പുറത്തുപറയാനും അവകാശമുണ്ടായിരുന്നില്ല. താൻ രേഖപ്പെടുത്തിയ ഇരകളുടെ മൊഴികൾ തുറന്നുകാട്ടുന്നത് കൊടുംക്രുരതയുടെ ഞെട്ടിക്കുന്ന കഥകളാണെന്ന് സെൻസ് അടിവരയിടുന്നു.
മുസ്ലിം തുർക്കി വംശജരാണ് ഉയ്ഗൂറുകൾ. വടക്കു പടിഞ്ഞാറൻ ചൈനയിലെ സിൻജിയാങ്ങിൽ 1.1 കോടിയാണ് അവരുടെ ജനസംഖ്യ. കസാഖ്സ്ഥാൻ അതിർത്തിയോടു ചേർന്നായതിനാൽ കസാഖുകളുമുണ്ട്. 42കാരിയായ തുർസുനെയുടെ ഭർത്താവ് കസാഖാണ്. നീണ്ട അഞ്ചു വർഷം കസാഖ്സ്ഥാനിൽ താമസിച്ച ശേഷം 2016ലാണ് ദമ്പതികൾ നാട്ടിൽ മടങ്ങിയെത്തിയത്. നാട്ടിലിറങ്ങിയ ഉടൻ ചോദ്യം ചെയ്യാനായി വിളിപ്പിച്ച് പാസ്പോർട്ട് കണ്ടുകെട്ടി. മാസങ്ങൾ കഴിഞ്ഞ് ഉദ്യോഗസ്ഥരെത്തി അറിയിച്ച പ്രകാരം ഉയ്ഗൂറുകളുടെ ഒരു യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ അറസ്റ്റിലായി. തുടക്കത്തിൽ മോശമല്ലാത്ത ഭക്ഷണവും ഫോൺ സൗകര്യവും ലഭിച്ചതിനാൽ എല്ലാം ശുഭമെന്ന് തോന്നിച്ചു. ഒരു മാസം കഴിഞ്ഞ് കുടൽപുണ്ണ് രോഗം വന്നതോടെ വിട്ടയച്ചു. ഭർത്താവ് നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. പക്ഷേ, തുർസുനെക്ക് സിൻജിയാങ്ങിൽ ഒറ്റക്കു കഴിയാനായിരുന്നു വിധി.
വനിതകളുടെ ആഭരണങ്ങൾ പോലും കണ്ടുകെട്ടും. അക്കൂട്ടത്തിൽ അവളുടേതും അവർ കൊണ്ടുപോയി. ചെവിയിൽ അടിച്ച് കമ്മൽ ഊരിയെടുത്തപ്പോൾ ചോരയൊലിച്ച് മുറിവായി. തല മറക്കാൻ ഉപയോഗിച്ച വസ്ത്രവും ഊരിമാറ്റും. നീളമുള്ള വസ്ത്രം ധരിച്ചാൽ ബഹളം വെക്കും. വൃദ്ധകളെ പോലും വസ്ത്ര ധാരണത്തിന് പീഡിപ്പിച്ചത് തുർസുനെ ഓർക്കുന്നു. അടിവസ്ത്രമൊഴികെ എല്ലാം അഴിച്ചുമാറ്റിയ ഒരു വൃദ്ധ കൈകൊണ്ട് പൊത്തിപ്പിടിച്ച് പേടിയോടെ നിന്ന കാഴ്ച ഹൃദയം നുറുക്കുന്നതായിരുന്നുവെന്ന് തുർസുനെ പറയുന്നു. അന്ന് അവൾ കരഞ്ഞതിന് കണക്കില്ല. അത്ര പ്രായമില്ലാത്ത തന്നോടു ചെയ്തതൊക്കെയും ആ വൃദ്ധയോടും അവർ കാണിച്ചു.
ഷൂകൾ, ഇലാസ്റ്റികും ബട്ടണുമുള്ള വസ്ത്രങ്ങൾ എന്നിവയെല്ലാം സ്ത്രീകൾ കൈമാറണം. ആദ്യ ഒന്നുരണ്ട് മാസം ഒന്നും സംഭവിക്കില്ല. പ്രത്യേകമായി സംവിധാനിച്ച പരിപാടികൾ നിരന്തരം വീക്ഷിച്ചിരിക്കണം. ഇടക്ക് മുടി മുറിക്കും. ഭർത്താവ് കസാഖ്സഥാനിൽ പോയതിനായിരുന്നു തനിക്ക് തൊഴി കിട്ടിയതെന്ന് തുർസുനെ ഓർക്കുന്നു. ''പൊലീസ് ബൂട്ടുകൾ കഠിനവും ഭാരമേറിയതുമാണ്. ഇതറിയാത്തതിനാൽ അടിച്ചുവീഴ്ത്തുകയാണെന്നാണ് തോന്നിയത്. പിന്നെയാണ് വയറ്റിൽ ബൂട്ടുകൊണ്ടുള്ള തൊഴിയാണെന്ന് മനസ്സിലായത്''. വയറ്റിൽ നിന്ന് രക്തം കട്ടയായി ഒഴുകിയിറങ്ങിയത് ചിലർ പരാതിപ്പെട്ടപ്പോൾ ഇതൊക്കെ സ്ത്രീക്ക് പതിവുള്ളതു മാത്രമെന്നായിരുന്നു മറുപടി.
ഓരോ സെല്ലിലും 14 പേരുണ്ടാകുമെന്ന് തുർസുനെ. ആദ്യദിവസം സ്ത്രീകളെ പുറത്തേക്കു കൊണ്ടുപോകുന്നത് കണ്ടപ്പോൾ ഒന്നും മനസ്സിലായില്ല. മറ്റിടങ്ങളിലേക്ക് മാറ്റുകയാകും എന്നാണ് കരുതിയത്. 2018 മേയ് മാസത്തിലൊരു ദിവസം രാത്രിയിൽ തന്നെയും മറ്റൊരു യുവതിയെയും കൊണ്ടുപോയപ്പോൾ എല്ലാം ബോധ്യമായി. മാസ്കണിഞ്ഞായിരുന്നു അയാൾ. കൂടെയുള്ളവളെ മറ്റൊരു മുറിയിലേക്കാണ് കൊണ്ടുപോയത്. അവൾ അവിടെയെത്തി വൈകാതെ അട്ടഹാസമുയർന്നു. ശാരീരിക പീഡനമെന്നാണ് കരുതിയത്. ബലാൽസംഗമെന്ന് എന്നിട്ടും തോന്നിയില്ല.
അതുകഴിഞ്ഞ് തന്നെയും അവിടെയെത്തിച്ചപ്പോൾ നേരത്തെ അനുഭവിച്ച രക്തസ്രാവത്തെ കുറിച്ചുപറഞ്ഞു. ഇരുട്ടുമുറിയിലെത്തിച്ച് ലൈംഗികാവയവത്തിൽ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഉപകരണം ഉപയോഗിച്ച് മർദിച്ചു. രോഗാവസ്ഥയായതിനാലാകണം ഒന്നാം ദിവസം താത്കാലികമായി പീഡനം അവിടെ അവസാനിച്ചു. അന്ന് ആദ്യമായി പീഡനമേറ്റ യുവതി പിന്നെ ആരോടും മിണ്ടാതെയായതായി തുർസുനെ പറയുന്നു.
ഉയ്ഗൂറുകളുടെ സംസ്കാരവും ഭാഷയും മതവും അവരിൽനിന്ന് എടുത്തുകളയുന്നതാണ് 'പുനർ വിദ്യാഭ്യാസ' പ്രക്രിയ. സിൻജിയാങ്ങിൽ വസിച്ചുവന്ന ഉസ്ബെക് വനിത ഖുൽബിനുർ സാദിഖ് ഇക്കൂട്ടത്തിൽ അധ്യാപികയായി നിർബന്ധിത സേവനത്തിന് ഉണ്ടായിരുന്നു. രക്ഷപ്പെട്ട് നാടുവിട്ട അവർ പിന്നീട് തെൻറ അനുഭവങ്ങൾ പുറംലോകത്തോടു പങ്കുവെച്ചിരുന്നു. വനിതകളൂടെ ക്യാമ്പ് കടുത്ത നിയന്ത്രണങ്ങളിലായിരുന്നുവെന്ന് ഖുൽബിനൂർ സാദിഖ് പറയുന്നു. ഇതേ കുറിച്ച് ഒരു പൊലീസുകാരിയോട് ചോദിച്ചപ്പോൾ കൂട്ട മാനഭംഗം ക്യാമ്പിലെ പതിവു സംഭവമാണെന്ന് പ്രതികരിച്ചതായും അവർ പറഞ്ഞു. ബലാൽസംഗം മാത്രമല്ല, വൈദ്യുതാഘാതവും സ്ത്രീകൾ അനുഭവിക്കണം.
കൂൻസ് ക്യാമ്പിൽ ആഴ്ചകളായും മാസങ്ങളായും നീണ്ട പീഡന പർവത്തിനിടെ തുർസുനെയുടെ മുടി പലവട്ടം കത്രിച്ചു, നിർബന്ധ ക്ലാസുകൾ ശ്രവിച്ചു. ഇനിയും മനസ്സിലാകാത്ത മെഡിക്കൽ പരിശോധനകൾക്ക് വിധേയയായി. ഗർഭനിരോധന ഗുളികകൾ കഴിപ്പിച്ചു. ഓരോ 15 ദിവസവും പ്രത്യേക വാക്സിൻ കുത്തിവെച്ചു. കുത്തിവെപ്പ് കഴിയുന്നതോടെ തലകറക്കം വരും. നിർബന്ധിത വന്ധ്യംകരണമാണ് അതിലേറെ ഭീകരം. പ്രായം 20ലെത്തിയവർ വരെ ഇതിന് വിേധയരാകേണ്ടിവന്നു. സിൻജിയാങ്ങിൽ ഇത് വ്യാപകമാണെന്ന് അടുത്തിടെ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു.
ചൈനീസ് ദേശസ്നേഹ പാട്ടുകൾ പഠിക്കലാണ് മറ്റൊരു പ്രധാന ജോലി. ചൈനയെയും ഷി ജിൻപിങ്ങിനെയും വാഴ്ത്തുന്ന ടി.വി പരിപാടികളും വീക്ഷിക്കണം. ഷിയെ കുറിച്ച വരികൾ മനഃപാഠമാക്കാൻ കഴിഞ്ഞില്ലെങ്കിൽ അതിന് ശിക്ഷയും അനുഭവിക്കണം. അതിനായി പുസ്തകങ്ങളാണ് തടവറകളിൽ ആദ്യം ലഭിക്കുക. പരീക്ഷകളിൽ പരാജയപ്പെട്ടവർക്ക് അണിയാൻ മൂന്നു നിറങ്ങളുള്ള വസ്ത്രങ്ങളുണ്ടാകും. ഒരുവട്ടം, രണ്ടുവട്ടം, മൂന്നുവട്ടം എന്നിങ്ങനെ തോൽവിയുടെ എണ്ണം കണക്കാക്കിയാണ് വസ്ത്രങ്ങളുടെ നിറംമാറ്റം. ഈ സംഭവങ്ങൾ മുൻ പാറാവുകാരൻ ബി.ബി.സിയുമായി പങ്കുവെച്ചതാണ്. പ്രസിഡൻറ് ഷി വാഴുന്നയിടങ്ങളാണ് ഈ തടവറകൾ. ചുവരുകൾ നിറയെ അദ്ദേഹത്തിെൻറ ചിത്രങ്ങൾ, വാഴ്ത്തുപാട്ടുകൾ. ഈ പുനർവിദ്യാഭ്യാസ പ്രക്രിയയുടെ വക്താവും ഷി തന്നെയെന്ന് സാക്ഷ്യപ്പെടുത്തുന്നു ചൈനയിലെ മുൻ ബ്രിട്ടീഷ് നയതന്ത്രജ്ഞൻ ചാൾസ് പാർട്ടൺ.
പലപ്പോഴും ബലാൽസംഗം ചെയ്യുന്ന പൊലീസുകാർ പീഡനത്തിന് പുറമെ ശരീരം മുഴുക്കെ മുറിവേൽപിക്കുമെന്നും തുർസുനെ ഓർക്കുന്നു. മനുഷ്യരോ അതല്ല, മൃഗങ്ങളോ എന്നുവരെ സംശയിച്ചുപോകും. ശരീരം മുഴുക്കെ പാടുകളുണ്ടാകും. തുർസുനെക്ക് മാത്രം മൂന്നുവട്ടം സമാന അനുഭവങ്ങളുടെ ഭീകരത നേരിടേണ്ടിവന്നിട്ടുണ്ട്. ഒന്നിലേറെ കുഞ്ഞുങ്ങൾക്ക് അമ്മയായതിന് വേറെ ചിലർ അനുഭവിക്കേണ്ടിവന്നത് അതിലേറെ വലിയ പീഡനങ്ങൾ. മൂന്നുദിവസം വരെ ഇത്തരം സ്ത്രീകൾ അപ്രത്യക്ഷരാകും. അതുകഴിഞ്ഞ് തിരിച്ചുവരുേമ്പാൾ ശരീരം മുഴുക്കെ മുറിവുകളാകും.
ചൈന നടപ്പാക്കുന്ന പുതിയ തടവറകളിൽനിന്ന് പുറത്തിറങ്ങിയവരിൽ ഉണ്ടായ മാറ്റങ്ങളാണ് അതിലേറെ ഭീകരം. സിൻജിയാങ്ങിൽ കുട്ടികളുടെ ജനന നിരക്ക് കുത്തനെ താഴോട്ടുപോയത് അതിലൊന്ന്- എന്നുവെച്ചാൽ, നടമാടിയത് ജനസംഖ്യാ വംശഹത്യയെന്നു സാരം.
പലരും ലഹരിക്കടിമകളായി. ആദ്യ രാത്രിയിൽ താൻ പേടിച്ചരണ്ട നിലയിൽ കണ്ട വനിത പോലും ചില നാളുകളിൽ തെരുവിൽ മദ്യപിച്ചുവീണുകിടക്കുന്ന കാഴ്ചയാണെന്ന് തുർസുനെ വേദന പങ്കുവെക്കുന്നു. ക്യാമ്പ് പൂർത്തിയായവരെന്ന് പറഞ്ഞ് എത്തിയ എല്ലാവരും ഒരേ ദുരന്തത്തിനടിമകളായാണ് എത്തുന്നത്. നിരീക്ഷണം, തടവ്, സൈദ്ധാന്തിക പഠനം, മനുഷ്യത്വമില്ലാതാക്കൽ, വന്ധ്യംകരണം, പീഡനം, ബലാൽസംഗം- പിന്നെയെന്തുവേണം ദുരന്തം മാത്രമാകാൻ. ''എല്ലാവരെയും നശിപ്പിക്കൽ മാത്രമാണ് അവർക്ക് ലക്ഷ്യം. അത് അറിയാത്തവരില്ല താനും''.
(കടപ്പാട്: www.bbc.com മൊഴിമാറ്റം: കെ.പി. മൻസൂർ അലി)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.