അഭയാർഥികളെ നാടുകടത്തുന്ന യു.കെ റുവാണ്ട ബില്ലിന് അംഗീകാരം; 10-12 ആഴ്ചക്കകം അഭയാർഥികളെ അയച്ചുതുടങ്ങുമെന്ന് ഋഷി സുനക്

ലണ്ടൻ: ബ്രിട്ടീഷ് മണ്ണിൽ അഭയം തേടിയെത്തുന്നവരെ ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിൽ നിർമിക്കുന്ന ക്യാമ്പിലേക്ക് അയക്കാൻ അനുവദിക്കുന്ന ബിൽ ബ്രിട്ടനിൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കി. 10-12 ആഴ്ചക്കകം ഇവരെ അയച്ചുതുടങ്ങാനാകുമെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. പാർലമെന്റിന്റെ ഉന്നത സഭ അതിവേഗം കടന്ന ബില്ലിന് പക്ഷേ, പ്രഭുസഭ തടസ്സങ്ങൾ പറഞ്ഞെങ്കിലും സുനകിന്റെ സമ്മർദങ്ങൾക്ക് വഴങ്ങി ഒടുവിൽ അംഗീകാരം നൽകുകയായിരുന്നു.

അഭയാർഥികളെ കടത്താൻ വിമാനങ്ങൾ ചാർട്ടർ ചെയ്തതായും അഭയാർഥികളെ റുവാണ്ടയിലേക്ക് കൊണ്ടുപോകാനുള്ള 500 ജീവനക്കാർക്ക് പരിശീലനം നൽകിയതായും സുനക് പറഞ്ഞു. ഇവരെ ഉടൻ റുവാണ്ടയിലെത്തിക്കും. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വോട്ടുറപ്പിക്കുന്ന നടപടിയായാണ് ഇതിനെ പ്രതിപക്ഷം കാണുന്നത്.

കൊടിയ പട്ടിണിയും യുദ്ധങ്ങളും മൂലം ആഫ്രിക്ക, പശ്ചിമേഷ്യ, ഏഷ്യ എന്നിവിടങ്ങളിൽനിന്ന് നാടുവിട്ട് ബ്രിട്ടനിൽ അഭയം തേടുന്നത് പതിനായിരങ്ങളാണ്. ചെറു ബോട്ടുകളിൽ ഇംഗ്ലീഷ് ചാനൽ കടന്നാണ് പലരും ഇവിടെയെത്തുന്നത്. എന്നാൽ, ഏറ്റവും മോശം മനുഷ്യാവകാശ റെക്കോഡുള്ള റുവാണ്ടയുമായി കരാറുണ്ടാക്കിയത് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷം പറയുന്നു. ഈ വർഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ സുനക് നയിക്കുന്ന കൺസർവേറ്റിവുകൾ വൻ പരാജയം നേരിടുമെന്നാണ് അഭിപ്രായ സർവേകൾ പറയുന്നത്. അധികാരമേറിയാൽ ഈ നിയമം അസാധുവാക്കുമെന്ന് ലേബർ പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്.

റുവാണ്ടയിലെത്തിക്കുന്ന അഭയാർഥികൾക്ക് രാജ്യത്തെ മനുഷ്യാവകാശ നിയമങ്ങളിൽ പലതും ബാധകമല്ലെന്നതാണ് പ്രധാന എതിർപ്പ്. കേസുകളിൽ അപ്പീൽ നൽകാനുള്ള അവസരവും പരിമിതപ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടനു പിറകെ ഓസ്ട്രിയ, ജർമനി രാജ്യങ്ങളും സമാനമായി കരാറുകളുണ്ടാക്കാൻ നീക്കം ആരംഭിച്ചിട്ടുണ്ട്.

ഇംഗ്ലീഷ് ചാനലിൽ അഞ്ച് അഭയാർഥികൾ മരിച്ചു

ലണ്ടൻ: ചെറു ബോട്ടിലേറി ഇംഗ്ലീഷ് ചാനൽ കടന്ന് ബ്രിട്ടനിലെത്താനുള്ള ശ്രമത്തിനിടെ ഒരു കുട്ടിയടക്കം അഞ്ചു പേർ മുങ്ങിമരിച്ചു. ഫ്രഞ്ച് തീരമായ വിമറോയിൽനിന്ന് പുറപ്പെട്ട ബോട്ടാണ് മുങ്ങിയത്. 110 പേരാണ് ഇതിലുണ്ടായിരുന്നത്. മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയുമാണ് കൂടെയുണ്ടായിരുന്ന മറ്റുള്ളവർ. ഈ വർഷം ഇതുവരെ 6,000 പേർ ഇംഗ്ലീഷ് ചാനൽ കടന്ന് രാജ്യത്തെത്തിയതായി അധികൃതർ പറഞ്ഞു. 

Tags:    
News Summary - UK approves Rwanda bill to deport refugees; Rishi Sunak said that they will start sending refugees within 10-12 weeks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-08 01:10 GMT