ബഗ്ദാദ്: അടുത്ത മാസാവസാനത്തോടെ അഫ്ഗാനിലെ സൈനിക ദൗത്യം അവസാനിപ്പിക്കുന്ന യു.എസ് ഇറാഖിൽനിന്നും സമ്പൂർണമായി പിൻമാറുന്നു. വർഷാവസാനത്തോടെ പിന്മാറ്റം പൂർത്തിയാക്കുമെന്നും ഇറാഖി സേനക്ക് പരിശീലനവും ഉപദേശവും തുടർന്നും നൽകുമെന്നും അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു. ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽഖാദിമിയുമായി നടത്തിയ ചർച്ചകൾക്കു ശേഷമാണ് പ്രഖ്യാപനം.
നിലവിൽ 2,500 യു.എസ് സൈനികരാണ് ഇറാഖിലുള്ളത്. ഇവരിലേറെ പേരും മടങ്ങുമെങ്കിലും കുറഞ്ഞ സൈനിക സാന്നിധ്യം തുടർന്നുമുണ്ടാകും. രാജ്യത്ത് യു.എസ് സൈന്യം തുടരുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്. ഇറാൻ സൈനിക കമാൻഡർ ഖാസിം സുലൈമാനി ബഗ്ദാദിൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടതിനു പിന്നാലെ കടുത്ത പ്രതിഷേധവുമായി ഇറാഖ് സർക്കാർ രംഗത്തെത്തിയിരുന്നു. ഇറാനോട് അനുഭാവമുള്ള കക്ഷികളും ഇതേ ആവശ്യമുയർത്തി. ശിയാ മിലീഷ്യകൾ യു.എസ് സേനക്കെതിരെ റോക്കറ്റാക്രമണം തുടരുന്നതും വെല്ലുവിളിയായി. സമ്മർദം ശക്തമായതോടെതാണ് യു.എസ് വഴങ്ങിയത്.
പിന്മാറ്റത്തോടെ, മുൻ പ്രസിഡന്‍റ് ജോർജ് ഡബ്ല്യു ബുഷ് തുടങ്ങിവെച്ച മറ്റൊരു യുദ്ധത്തിന് കൂടിയാണ് ബൈഡൻ തിരശ്ശീലയിടുന്നത്. 2003ൽ പ്രസിഡന്‍റ് സദ്ദാം ഹുസൈനെ മറിച്ചിടുകയെന്ന ലക്ഷ്യത്തോടെയാണ് യു.എസ് നേതൃത്വം നൽകിയ സഖ്യ സേന ഇറാഖിലെത്തിയത്. കൂട്ടനശീകരണ ശേഷിയുള്ള ആയുധങ്ങൾ കൈവശം വെച്ചുവെന്ന് ആരോപിച്ചായിരുന്നു നീക്കം. എന്നാൽ, അത് വ്യാജ പ്രചാരണമായിരുന്നുവെന്ന് സദ്ദാം ഹുസൈനെ കൊലപ്പെടുത്തിയ ശേഷം അമേരിക്ക കുറ്റ സമ്മതം നടത്തി. 2011ൽ ആദ്യം സൈനിക പിന്മാറ്റം നടത്തിയെങ്കിലും വീണ്ടും തിരിച്ചെത്തി. ഐ.എസിനെതിരായ നീക്കത്തിനെന്ന പേരിലായിരുന്നു മടങ്ങിവരവ്. 2017ഓടെ ഐ.എസ് രാജ്യത്ത് നിഷ്കാസിതമായിരുന്നു.
പിന്മാറ്റം ശരിക്കും ഗുണകരമാകുക ഇറാനാണ്. അയൽ രാജ്യങ്ങളിൽ സൈന്യത്തെ വിന്യസിച്ച് തങ്ങളെ നിരീക്ഷണത്തിൽ നിർത്തുകയും സമ്മർദം ശക്തമാക്കുകയും ചെയ്യുന്നത് തടയാൻ ഇറാൻ ഏറെയായി ശ്രമങ്ങൾ തുടരുകയായിരുന്നു. അതാണ് വിജയം കാണുന്നത്. നിലവിൽ, സിറിയ, ഇറാഖ് രാജ്യങ്ങളിൽ ഇറാൻ ശക്തമായ ഇടപെടൽ തുടരുന്നുണ്ട്. പിന്മാറ്റത്തോടെ അത് കൂടുതൽ ശക്തമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.