റഷ്യയുടെ വാഗ്നർ മെർസനറി സംഘത്തെ യു.എസ് ക്രിമിനൽ സംഘടനയായി പ്രഖ്യാപിച്ചു

ന്യൂയോര്‍ക്ക്: റഷ്യയുടെ സ്വകാര്യ സൈനിക വിഭാഗമായ വാഗ്‌നര്‍ ഗ്രൂപ്പിനെ യു.എസ് അന്താരാഷ്ട്ര ക്രിമിനല്‍ സംഘടനയായി പ്രഖ്യാപിച്ചു. ഉപരോധവും ശക്തമാക്കി. വ്യാപകമായ അതിക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും നടത്തുന്ന ഒരു ക്രിമിനൽ സംഘടനയാണെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷ വക്താവ് ജോണ്‍ കിര്‍ബി വ്യക്തമാക്കി. 10,000 കരാര്‍ സുരക്ഷാ ഭടന്മാരും 40,000 കുറ്റവാളികളും ഉള്‍പ്പെടെ ഏകദേശം 50,000 ഉദ്യോഗസ്ഥരെയാണ് യുക്രെയ്നിൽ വിന്യസിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനോട് അടുപ്പമുള്ള റഷ്യന്‍ പ്രഭു യെവ്ജെനി പ്രിഗോഷിന്റെ ഉടമസ്ഥതയിലുള്ള വാഗ്നര്‍, പുതിയ പോരാളികളെ ചേർത്ത് ആയുധങ്ങള്‍ സ്വരൂപിച്ച് യുക്രെയ്നിലെ സൈനിക പ്രവര്‍ത്തനം വിപുലീകരിക്കാൻ ശ്രമിച്ചുവരുകയാണ്. യുക്രെയ്ൻ യുദ്ധത്തില്‍ സ്വന്തം സൈനിക നഷ്ടം വർധിക്കുന്നതിനിടെയാണ് റഷ്യ വാഗ്നര്‍ സൈനിക ഗ്രൂപ്പിനെ ശക്തിപ്പെടുത്തുന്നത്. എന്നാല്‍ വാഗ്നറും റഷ്യന്‍ പ്രതിരോധ മന്ത്രാലയവും തമ്മിലുള്ള പിരിമുറുക്കം വര്‍ധിക്കുന്നതിന്റെ സൂചനകളുമുണ്ടെന്ന് കിര്‍ബി പറഞ്ഞു.

വാഗ്നറും പ്രിഗോജിനും വര്‍ഷങ്ങളായി യു.എസ് ഉപരോധത്തിന് കീഴിലാണ്. വാഗ്നര്‍ ഗ്രൂപ്പിന് ആയുധങ്ങളും വെടിക്കോപ്പുകളും നല്‍കുന്നത് ഉത്തര കൊറിയയാണെന്നാണ് യു.എസ് പറയുന്നത്. ഇതിന് തെളിവായി റഷ്യന്‍ റെയില്‍കാറുകള്‍ ഉത്തര കൊറിയയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന്റെ പുതിയ ചിത്രങ്ങളും കിര്‍ബി വെളിപ്പെടുത്തി.

Tags:    
News Summary - US designates Russian Wagner mercenary force a crime organisation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.