വാഷിങ്ടൺ: ഒരു പതിറ്റാണ്ട് മുമ്പ് ഒരു മാധ്യമപ്രവർത്തകൻ കമല ഹാരിസിനെ ‘വനിതാ ഒബാമ’ എന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ, ആദ്യ ആഫ്രിക്കൻ-അമേരിക്കൻ പ്രസിഡൻറ് ബരാക് ഒബാമയുടെ നേട്ടത്തിനൊപ്പമെത്താൻ ഇന്ത്യൻ, ജമൈക്കൻ കുടിയേറ്റക്കാരുടെ മകൾക്ക് സാധിച്ചില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.
വാശിയേറിയ മത്സരത്തിൽ റിപ്പബ്ലിക്കൻ എതിരാളിയായ ഡോണൾഡ് ട്രംപിനോട് പരാജയപ്പെട്ടതോടെ, അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡൻറാകാനുള്ള കമലയുടെ സ്വപ്നമാണ് തകർന്നത്.
സാൻ ഫ്രാൻസിസ്കോയുടെ ജില്ല അറ്റോണി ആയിരുന്നു കമല ഹാരിസ്. ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിത, ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കൻ, ആദ്യത്തെ ഇന്ത്യൻ വംശജ എന്നീ വിശേഷണങ്ങളെല്ലാം അവർക്ക് സ്വന്തമായി. മാത്രമല്ല, അമേരിക്കൻ വൈസ് പ്രസിഡൻറ് എന്ന പദവിയിലെത്തുന്ന ആദ്യ വനിതയുമാണ് കമല. ആ പദവിയിലെത്തിയ ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കൻ അല്ലെങ്കിൽ ഇന്ത്യൻ-അമേരിക്കൻ വ്യക്തിയും.
2020ലെ തെരഞ്ഞെടുപ്പ് വേളയിലും സ്ഥാനാർഥിയാകാൻ കമല ഒരുങ്ങിയിരുന്നു. എന്നാൽ, പാർട്ടിയിലെ നാമനിർദേശം ലഭിക്കുന്നതിന് മുന്നോടിയായി പ്രൈമറികളിലെ മത്സരത്തിൽതന്നെ പിൻവാങ്ങുകയായിരുന്നു. ഫണ്ടിന്റെ അഭാവമായിരുന്നു അന്നത്തെ പിന്മാറ്റത്തിന് കാരണം.
ജമൈക്കയിൽനിന്ന് കുടിയേറിയ ഡൊണാൾഡ് ഹാരിസിന്റെയും ഇന്ത്യക്കാരിയായ ശ്യാമള ഗോപാലന്റെയും മകളായാണ് കമലയുടെ ജനനം. മാതാപിതാക്കൾ വേർപിരിഞ്ഞതോടെ അമ്മയാണ് മക്കളായ കമലയെയും മായയെയും വളർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.