സ്വാതന്ത്ര്യദിനാഘോഷത്തിനെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ കിയവിൽ യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിക്കൊപ്പം

യുക്രെയ്ന് 300 കോടി ഡോളറിന്റെ ആയുധങ്ങൾ നൽകാൻ യു.എസ്

വാഷിങ്ടൺ: ആറു മാസം പിന്നിട്ട റഷ്യൻ അധിനിവേശത്തിനെതിരെ ചെറുത്തുനിൽക്കുന്ന യുക്രെയ്ന് വീണ്ടും വൻ സൈനിക സഹായ വാഗ്ദാനവുമായി യു.എസ്. 300 കോടി ഡോളറിന്റെ ആയുധങ്ങളാണ് പുതുതായി കൈമാറാനൊരുങ്ങുന്നത്. ഇത്തവണ പ്രതിരോധ സംവിധാനങ്ങളാകും പ്രധാനമായി നൽകുകയെന്നാണ് സൂചന.

യു.എസ് കോൺഗ്രസ് രൂപം നൽകിയ യുക്രെയ്ൻ സുരക്ഷ സഹായ പദ്ധതി(യു.എസ്.എ.ഐ)ക്കു കീഴിലാണ് ആയുധ കൈമാറ്റം. നിലവിൽ നിർമാണം പൂർത്തിയായി യു.എസ് സേനയുടെ കൈവശമുള്ള ആയുധങ്ങൾക്കു പകരം പുതുതായി നിർമിച്ചാകും നൽകുക. അതിനാൽ യുക്രെയ്ന് ആയുധങ്ങൾ ലഭിക്കാൻ മാസങ്ങളെടുക്കും. ഫെബ്രുവരി 24ന് അധിനിവേശം ആരംഭിച്ച ശേഷം ഇതുവരെയായി യു.എസ് 1060 കോടി ഡോളറിന്റെ ആയുധങ്ങൾ യു.എസ് നൽകിയിട്ടുണ്ട്.

യു.എസിനു പുറമെ 50 കോടി ഡോളറിന്റെ ആയുധങ്ങൾ ജർമനിയും കൈമാറും. വ്യോമ പ്രതിരോധ സംവിധാനങ്ങൾ, റോക്കറ്റ് ലോഞ്ചറുകൾ, മിസൈലുകൾ എന്നിവയാകും നൽകുക. യുക്രെയ്ന്റെ കിഴക്കൻ മേഖല കൈവശപ്പെടുത്താൻ ആഴ്ചകളായി ആക്രമണം തുടരുന്ന റഷ്യക്ക് മേൽക്കൈ നേടാനായെങ്കിലും ലക്ഷ്യം പൂർത്തിയാക്കാനായിട്ടില്ല. ലുഹാൻസ്ക്, ഡോണെറ്റ്സ്ക് പ്രവിശ്യകളിൽ യുക്രെയ്ൻ സേന ചെറുത്തുനിൽപ് തുടരുകയാണ്.

റഷ്യൻ ആക്രമണ ഭീതിക്കിടെ യുക്രെയ്ന് സ്വാതന്ത്ര്യദിനാഘോഷം

കിയവ്: ആറുമാസം പിന്നിട്ട രക്തരൂഷിതമായ റഷ്യൻ അധിനിവേശത്തിനിടെ യുക്രെയ്നിൽ സ്വാതന്ത്ര്യദിനാഘോഷം. ഫെബ്രുവരി 24നായിരുന്നു റഷ്യ യുക്രെയ്നിൽ ആക്രമണം തുടങ്ങിയത്.

സ്വാതന്ത്ര്യദിനാഘോഷ ദിനത്തിൽ വൻതോതിൽ റഷ്യൻ ആക്രമണം പ്രതീക്ഷിച്ചതിനാൽ തലസ്ഥാന നഗരിയിലടക്കം ജനം കൂട്ടംകൂടുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി അഭ്യർഥിച്ചു. കിയവിലെ സെൻട്രൽ സ്ക്വയറിൽ ഒത്തുകൂടിയ ചെറിയ ജനക്കൂട്ടം റഷ്യൻ ടാങ്കും പീരങ്കിയും നശിപ്പിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

ബെലറൂസ് പ്രസിഡന്‍റ് അലക്സാണ്ടർ ലുകഷങ്കോ യുക്രെയ്നികൾക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. 1991 ലാണ് സോവിയറ്റ് റഷ്യയുടെ പതനത്തോടെ യുക്രെയ്ൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. അതേ സമയം, ആറുമാസം പൂർത്തിയായ റഷ‍്യൻ ആക്രമണത്തിൽ ആയിരക്കണക്കിനുപേർ കൊല്ലപ്പെടുകയും ദശലക്ഷങ്ങൾ ഭവനരഹിതരാകുകയും ചെയ്തിട്ടുണ്ട്.

Tags:    
News Summary - US to give 300 crore dollar worth of weapons to Ukraine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.