ഏതൻസ്: തുടർച്ചയായ രണ്ടുദിവസം കത്തിയാളിയ തീയിൽ യൂറോപ്പിലെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പ് ചാരമായി മാറിയേതാടെ 13,000ത്തോേളം പേർ അന്തിയുറങ്ങുന്നത് പൊതുനിരത്തിൽ. സമീപ പട്ടണമായ മൈറ്റീലിനിലേക്ക് കടക്കാതിരിക്കാൻ പൊലീസ് സന്നാഹം ഒരുവശത്തും ഒന്നും അവശേഷിക്കാത്ത മോറിയ ക്യാമ്പ് മറുവശത്തുമായി, കുഞ്ഞുങ്ങളും സ്ത്രീകളുമുൾപ്പെടെ പെരുവഴിയിൽ കാരുണ്യം കാത്തുകിടക്കുന്ന കാഴ്ച ലോകത്തിെൻറ കണ്ണ് തുറപ്പിക്കുന്നില്ലെന്നതാണ് ദയനീയം.
ലെസ്ബോസ് ദ്വീപിൽ ഇപ്പോഴും പുകയൊഴിയാത്ത ക്യാമ്പിൽനിന്നുയരുന്ന പ്ലാസ്റ്റിക് മണമാണ് അന്തരീക്ഷത്തിൽ. എല്ലാം നഷ്ടപ്പെട്ട കുഞ്ഞുങ്ങളുടെ കൂട്ടക്കരച്ചിലുകൾ ആരെയും കണ്ണീരണിയിക്കും. റോഡുകൾക്ക് പുറമെ വയലുകൾ, ഒലീവ് തോട്ടങ്ങൾ എന്നിവിടങ്ങളിലാണ് കൂട്ടമായി ആളുകൾ പകലും രാത്രിയും കഴിച്ചുകൂട്ടുന്നത്. എന്തുചെയ്യണമെന്നറിയില്ലെന്ന് അഫ്ഗാൻ വംശജനായ അഭയാർഥി അഹ്മദ് സാദിയ പറയുന്നു. കഴിഞ്ഞദിവസം ക്യാമ്പിൽ കോവിഡ് സ്ഥിരീകരിച്ചതോടെ ഏർപ്പെടുത്തിയ പ്രതിഷേധമാണ് അഗ്നിബാധയിൽ കലാശിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. മാർച്ച് മുതൽ ലോക്ഡൗൺ തുടരുന്ന മോറിയ ക്യാമ്പിൽ അടുത്തിടെ 35 പേർക്ക് കോവിഡ് ബാധിച്ചതോടെ നിയന്ത്രണങ്ങൾ കടുപ്പിച്ചിരുന്നു. അവശ്യ സേവനങ്ങൾക്ക് പോലും പുറത്തിറങ്ങാൻ അനുമതിയില്ലാതെ വന്നതോടെ ക്യാമ്പിലെ ചിലർ പ്രതിഷേധത്തിെൻറ ഭാഗമായി തീയിട്ടത് ക്യാമ്പിലേക്ക് പടരുകയായിരുന്നുവെന്നാണ് നിഗമനം.
പശ്ചിമേഷ്യയിലെ ആഭ്യന്തരയുദ്ധങ്ങളിൽനിന്ന് രക്ഷപ്പെട്ട് തുർക്കിയിലെത്തുകയും കടൽ കടന്ന് ഗ്രീസിലെ ലെസ്ബോസ് ദ്വീപിലെത്തുകയും ചെയ്ത 12,500 ഒാളം പേരാണ് ഈ ക്യാമ്പിലുള്ളത്. കുടുംബം കൂട്ടിനില്ലാത്ത 400 കുട്ടികളെ ഏറ്റെടുക്കുമെന്ന് യൂറോപ്യൻ യൂനിയൻ വ്യക്തമാക്കിയിട്ടുണ്ട്. ജർമനിയും ഫ്രാൻസുമാണ് ഇവരെ ഏറ്റെടുക്കുക. താൽക്കാലിക അഭയമെന്ന നിലക്ക് 3,500 പേരെ ഒരു യാത്രാകപ്പലിലും നാവികസേനയുടെ രണ്ട് വലിയ ബോട്ടുകളിലുമായി പാർപ്പിക്കുമെന്നും അവശേഷിച്ചവർക്ക് തമ്പുകൾ നിർമിച്ചുനൽകുമെന്നും ഗ്രീക്ക് സർക്കാറും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.