പ്ലാപ്പള്ളിയിൽ നിന്ന് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തി; മഴക്കെടുതിയിൽ മരണം 27
text_fieldsതിരുവനന്തപുരം: മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ മരിച്ചത് 27 പേർ. ഇടുക്കി കൊക്കയാറിലെ ഉരുൾപൊട്ടലിൽ കാണാതായ സച്ചുവിെൻറയും തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ ഒഴുക്കിൽപെട്ട് കാണാതായ ഝാർഖണ്ഡ് സ്വദേശി നഗർദീപ് മണ്ഡലിെൻറയും (31) മൃതദേഹമാണ് തിങ്കളാഴ്ച ലഭിച്ചത്.
ഈ മാസം 11 മുതൽ ആരംഭിച്ച മഴക്കെടുതിയെതുടർന്ന് 247 ദുരിതാശ്വാസ ക്യാമ്പുകളിലായി 2619 കുടുംബങ്ങളിലെ 9422 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. പത്തനംതിട്ടയിലാണ് കൂടുതൽ ക്യാമ്പുകൾ തുറന്നത്.
80 ദുരിതാശ്വാസ ക്യാമ്പുകളിലായി 632 കുടുംബങ്ങളിലെ 2191 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. കോട്ടയത്ത് 37 ക്യാമ്പുകളിലായി 632 കുടുംബങ്ങളിലെ 2355 പേരും ആലപ്പുഴയിൽ 41 ക്യാമ്പുകളിലായി 584 കുടുംബങ്ങളിലെ 2154 പേരെയും പാർപ്പിച്ചിട്ടുണ്ട്. 3071 കെട്ടിടങ്ങൾ ക്യാമ്പുകൾക്കായി സജ്ജമാക്കിയിട്ടുള്ളതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
അതിനിടെ, ധനസഹായ വിതരണം ഊർജിതപ്പെടുത്താന്‍ കലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്കി. കൃഷിനാശത്തിെൻറ വിശദ വിവരങ്ങള്‍ ജില്ലകളില്‍ നിന്ന് ലഭ്യമാക്കാനും ഉന്നതതലയോഗത്തിൽ ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ പത്ത് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് ഉയർന്നതോടെ കക്കി ഡാം തുറന്നു. രണ്ട് ഷട്ടറുകളാണ് ഉയർത്തിയത്. കേരള ഷോളയാർ ഡാം രാവിലെ പത്തിന് തുറന്നിട്ടുണ്ട്. ചാലക്കുടിയിൽ വൈകീട്ട് നാല് മണിയോടെ വെള്ളമെത്തും. ചാലക്കുടി പുഴയുടെ തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രതപാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
ഇടുക്കി അണക്കെട്ടിൽ രാവിലെ ഏഴുമണി മുതൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഏഴ് മണിയോടെ ജലനിരപ്പ് 2396.86 അടിയിൽ എത്തിയതിനെ തുടർന്നാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.
സംഭരണ ശേഷിയുടെ 92.8 ശതമാനം വെള്ളമാണ് ഇപ്പോൾ അണക്കെട്ടിൽ ഉള്ളത്. അണക്കെട്ടിൽ ജലനിരപ്പ് രണ്ടടി കൂടി ഉയർന്നാൽ ഷട്ടറുകൾ ഉയർത്തും. 2397.86 അടിയിൽ എത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. ഇടുക്കി ജലസംഭരണിയുടെ ഓറഞ്ച് അലർട്ടും റെഡ് അലർട്ടും തമ്മിലുള്ള വ്യത്യാസം ഒരു അടിയാണ്.
Live Updates
- 18 Oct 2021 12:27 PM IST
കോളജുകൾ തുറക്കുക 25ന്
സംസ്ഥാനത്തെ കോളജുകൾ തുറക്കുന്നത് ഒക്ടോബർ 25ലേക്ക് മാറ്റി. നേരത്തെ 20ന് തുറക്കുമെന്നാണ് അറിയിച്ചിരുന്നത്.
- 18 Oct 2021 12:20 PM IST
അതീവ ജാഗ്രതാ നിർദേശം
കേരള ഷോളയാർ ഡാമിന്‍റെ മൂന്നാം സ്പിൽവേ ഗേറ്റ് ഒരടി തുറന്നു. ചാലക്കുടി പുഴയുടെ തീരത്തുള്ളവർക്ക് അതീവ ജാഗ്രതാ നിർദേശം.
- 18 Oct 2021 12:14 PM IST
ക്യാമ്പുകളിൽ കൂടുതൽ സജ്ജീകരണങ്ങൾ
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം പൂർത്തിയായി. ക്യാമ്പുകളിൽ കൂടുതൽ സജ്ജീകരണം ഒരുക്കാൻ പിണറായി വിജയൻ നിർദേശിച്ചു. സംസ്ഥാനത്തെ ഡാമുകൾ തുറക്കുക വിദഗ്ധ സമിതിയുമായിട്ട് ആലോചിച്ച് മാത്രമാകും.
- 18 Oct 2021 12:11 PM IST
നെല്ലിയാമ്പതിയിൽ ഗതാഗതം പുനഃസ്ഥാപിച്ചു
നെല്ലിയാമ്പതിയിൽ തുടർച്ചയായി പെയ്ത മഴയിൽ ചുരം റോഡിന് കുറുകെ വീണ മരം കൊല്ലങ്കോട് ഫയർഫോഴ്സും പോത്തുണ്ടി വനം വകുപ്പ് ഉദ്യോഗസ്ഥരും മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. പ്രദേശത്ത് നിലവിൽ ക്യാമ്പുകൾ തുറന്നിട്ടില്ലെന്നും കാര്യമായ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ചിറ്റൂർ തഹസിൽദാർ ഡി. അമൃതവല്ലി അറിയിച്ചു. മഴ ശക്തമാകുന്നത് മുന്നിൽ കണ്ട് ക്യാമ്പുകൾ ഒരുക്കാൻ വി. ഇ.ഒമാരുടെ നേതൃത്വത്തിൽ സ്കൂളുകൾ സജ്ജീകരിച്ചിട്ടുണ്ടെന്നും തഹസിൽദാർ അറിയിച്ചു.
- 18 Oct 2021 11:44 AM IST
ഒഴുക്കിൽപ്പെട്ട വയോധികൻ്റെ മൃതദേഹം കണ്ടെത്തി
തൃശൂർ: ഒഴുക്കിൽപ്പെട്ട് കാണാതായ വയോധികന്‍റെ മൃതദേഹം കണ്ടെത്തി. തലപ്പിള്ളി താലൂക്ക് തെക്കുംകര വില്ലേജിൽ കുണ്ടുകാട് നിർമല ഹൈസ്കൂളിനു സമീപം താമസിക്കുന്ന എമ്പ്രാപുറത്ത് ജോസഫിന്‍റെ (72) മൃതദേഹമാണ് കണ്ടത്തിയത്.
- 18 Oct 2021 11:15 AM IST
കുട്ടിയുടെ മൃതദേഹം കണ്ടെത്തി
കൊട്ടാരക്കര നെല്ലിക്കുന്നത്ത് കാണാതായ നാടോടി ബാലന്‍റെ മൃതദേഹം കണ്ടെത്തി. മൈസൂരു സ്വദേശികളുടെ മകൻ രാഹുൽ (3) ആണ് മരിച്ചത്. സമീപത്തെ തോട്ടിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. കടവരാന്തയിൽ ഉറങ്ങുന്നതിനിടെയാണ് കുട്ടിയെ കാണാതായത്.
- 18 Oct 2021 11:04 AM IST
മഴക്കെടുതിയുടെ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം തുടങ്ങി. ജില്ല കലക്ടർമാരും യോഗത്തിലുണ്ട്.
- 18 Oct 2021 10:54 AM IST
‘ഇടുക്കി ഡാം തുറക്കണം’
ഇടുക്കി ഡാം അടിയന്തരമായി തുറക്കണമെന്ന് ഡീൻ കുര്യക്കോസ് എം.പി. ജലനിരപ്പ് 2385 അടിയായി നിജപ്പെടുത്തണം. കാത്തിരുന്ന് പ്രളയം ഉണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.