Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വിധിയെഴുതി തൃക്കാക്കര; 68.75 ശതമാനം പോളിങ്
cancel
Homechevron_rightNewschevron_rightKeralachevron_rightവിധിയെഴുതി തൃക്കാക്കര;...

വിധിയെഴുതി തൃക്കാക്കര; 68.75 ശതമാനം പോളിങ്

text_fields
bookmark_border
Listen to this Article

കൊച്ചി: തെളിഞ്ഞ അന്തരീക്ഷത്തിൽ നടന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ 68.75 ശതമാനം പോളിങ്. 11 മണിക്കൂർ നീണ്ട തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ 1,35,320 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇവരിൽ 67,152 പേർ (70.48 ശതമാനം) പുരുഷൻമാരും 68,167 പേർ (67.13 ശതമാനം) സ്ത്രീകളുമാണ്. ഏക ട്രാൻസ്ജെൻഡറും വോട്ട് രേഖപ്പെടുത്തി. ആകെ 1,96,805 വോട്ടർമാരിൽ 1,01,530 പേർ വനിതകളാണ്.

മണ്ഡല രൂപവത്കരണത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പുകളിൽ ഏറ്റവും കുറഞ്ഞ പോളിങാണ് ഇത്തവണത്തേത്. ആദ്യ തെരഞ്ഞെടുപ്പിൽ 73.76 ശതമാനമായിരുന്നു പോളിങ്. 2016ൽ 74.71 ശതമാനം, 2021ൽ 70.39 ശതമാനം എന്നിങ്ങനെയായിരുന്നു പോളിങ്. അന്തിമ ശതമാനക്കണക്ക് വരുമ്പോൾ നേരിയ വ്യത്യാസത്തിനും സാധ്യതയുണ്ട്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.

പി.ടി. തോമസ് എം.എൽ.എയുടെ നിര്യാണംമൂലം ഒഴിവുവന്ന നിയമസഭ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർഥികളടക്കം എട്ട് പേരാണ് മത്സരരംഗത്തുള്ളത്. കള്ളവോട്ടിന് ശ്രമിച്ച ഒരാളെ പൊന്നുരുന്നി സി.കെ.സി എൽ.പി സ്കൂളിൽനിന്ന് പിടികൂടിയതൊഴിച്ചാൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല. ജില്ലയിൽ മഴക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ മുന്നറിയിപ്പുണ്ടായിരുന്നതിനാൽ വോട്ടർമാരെ മുഴുവൻ ബൂത്തുകളിലെത്തിക്കാനുള്ള ഒരുക്കം മുന്നണികൾ നടത്തിയിരുന്നു. കാലാവസ്ഥ മുന്നറിയിപ്പ് കണക്കിലെടുത്ത് വോട്ടർമാർ രാവിലെതന്നെ കൂട്ടത്തോടെ എത്തിയതാണ് പോളിങ് തുടക്കത്തിൽ ഉയരാൻ കാരണം. എന്നാൽ, ഉച്ചക്കുശേഷം മന്ദഗതിയിലായി. കാലാവസ്ഥ പ്രവചനത്തിന് വിരുദ്ധമായി ദിവസം മുഴുവൻ തെളിഞ്ഞ കാലാവസ്ഥ നിലനിന്നത് ആശ്വാസകരമായി.

രാവിലെ ഏഴിന് തുടങ്ങിയ വോട്ടെടുപ്പിന്‍റെ ആദ്യ മണിക്കൂറുകളിൽതന്നെ മിക്ക ബൂത്തുകളിലും കനത്ത പോളിങ്ങായിരുന്നു. മണ്ഡലത്തിലെ ഏക പിങ്ക് പോളിങ് ബൂത്തിൽ യന്ത്രത്തകരാറ് മൂലം മുക്കാൽ മണിക്കൂർ കഴിഞ്ഞാണ് വോട്ടെടുപ്പ് ആരംഭിക്കാനായത്. മറ്റൊരു ബൂത്തിൽ മദ്യപിച്ചെത്തിയ പ്രിസൈഡിങ് ഓഫിസറെ മാറ്റി പുതിയ ഓഫിസറെ നിയമിച്ചശേഷം വോട്ടിങ് ആരംഭിച്ചു. രാത്രിയോടെ ബാലറ്റ് യൂനിറ്റുകൾ വോട്ടെണ്ണൽ കേന്ദ്രമായ മഹാരാജാസ് കോളജിലെ സ്ട്രോങ് റൂമിലേക്ക് മാറ്റി. അന്തരിച്ച എം.എൽ.എ പി.ടി. തോമസിന്‍റെ ഭാര്യ ഉമ തോമസാണ് യു.ഡി.എഫ് സ്ഥാനാർഥി. എറണാകുളം ലിസി ആശുപത്രിയിലെ കാർഡിയോളജിസ്റ്റ് ജോ ജോസഫാണ് എൽ.ഡി.എഫിന് വേണ്ടി മത്സര രംഗത്തുള്ളത്. ബി.ജെ.പി നേതാവ് എ.എൻ. രാധാകൃഷ്ണനാണ് എൻ.ഡി.എ സ്ഥാനാർഥി.



Show Full Article

Live Updates

  • 31 May 2022 10:13 AM IST

    പൊന്നുരുന്നി സി.കെ.സി എൽ.പി സ്കൂളിൽ വോട്ട് രേഖപ്പെടുത്താൻ മമ്മൂട്ടി എത്തി 

  • 31 May 2022 10:03 AM IST

    തൃക്കാക്കരയിൽ കനത്ത പോളിങ് രേഖ​െപ്പടുത്തി. ആദ്യ രണ്ടു മണിക്കൂറിൽ 12 ശതമാനത്തിൽ ഏറെ പേർ വോട്ടുചെയ്തു. 

  • 31 May 2022 9:48 AM IST

    ഹരിശ്രീ അശോകനും ഭാര്യയും രാവിലെ 9.15 ഓടെ അയ്യനാട് എൽ.പി സ്കൂളിൽ 132ാം നമ്പർ ബൂത്തിൽ ഹരിശ്രീ അശോകൻ ഭാര്യക്കൊപ്പം വോട്ട് ​ചെയ്യാനെത്തി. മകനും നടനുമായ അർജുൻ അശോകൻ സ്ഥലത്തില്ലാത്തതിനാൽ വോട്ടുചെയ്യാനെത്തിയിട്ടില്ലെന്ന് ഹരിശ്രീ അശോകൻ പറഞ്ഞു. മണ്ഡലത്തിൽ നിരവധി കാര്യങ്ങൾ നടപ്പാക്കാനുണ്ട്. വികസനങ്ങളുണ്ടാകുന്ന രീതിയിൽ നല്ലൊരു എം.എൽ.എ വരണം എന്ന് ഹരിശ്രീ അശോകൻ പറഞ്ഞു.

  • 31 May 2022 9:42 AM IST

    തൃക്കാക്കര എൽ.ഡി.എഫ് സ്ഥാനാർഥി ജോ ജോസഫിന്റെ വ്യാജ അശ്ലീല വിഡിയോ അപ്ലോഡ് ചെയ്തയാൾ പിടിയിൽ. മലപ്പുറം കോട്ടക്കൽ സ്വദേശിയും ലീഗ് പ്രവർത്തകനുമായ അബ്ദുൽ ലത്തീഫാണ് പിടിയിലായത്. 

  • 31 May 2022 9:19 AM IST

    ഇൻഫന്റ് ജീസസ് സ്കൂളിലെ 119ാം ബൂത്തിൽ പോളിങ് സമയം നീട്ടി നൽകി. 6.45 വരെ നേരിട്ടെത്തി വോട്ടുചെയ്യാം.

    ​വോട്ടിങ് മെഷീന്റെ തകരാർ മൂലം 7.45 വരെ വോട്ടെടുപ്പ് വൈകിയിരുന്നു. പിന്നീട് മെഷീൻ മാറ്റിയ ശേഷമാണ് പോളിങ് ആരംഭിച്ചത്.  അതെ തുടർന്നാണ് പോളിങ് സമയം നീട്ടി നൽകിയത്. 

  • 31 May 2022 8:52 AM IST

    വെണ്ണലയിലെ 35 ാം ബൂത്തിൽ പോളിങ്ങിന് വേഗതയില്ല. 15 മിനുട്ട് കൂടുമ്പോൾ ഓരോരുത്തരാണ് വോട്ടു​െചയ്യുന്നതെന്ന് സമ്മതിദായകർ പരാതിപ്പെട്ടു. ആളുകൾ നീണ്ട വരിയിൽ. സമ്മതിദായകരുടെ പ്രതിഷേധം മൂലം പൊലീസ് രംഗത്തെത്തി. 

  • 31 May 2022 8:50 AM IST

    ആദ്യ മണിക്കൂറിൽ കനത്ത പോളിങ്

    കൊച്ചി: തൃക്കാക്കര ​ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറുകളിൽ കനത്ത പോളിങ് രേഖപ്പെടുത്തി. മഴ മാറിനിന്ന ദിനത്തിൽ ആളുകൾ രാവിലെ തന്നെ ബൂത്തിലെത്തി. ഏഴുമണിയോടെ തന്നെ ഭൂരിഭാഗം ബൂത്തിലും പോളിങ് ആരംഭിച്ചു. എല്ലാ ബൂത്തിലും നീണ്ട വരികൾ കാണാമായിരുന്നു. പോളിങ് ആരംഭിച്ച് ഒരു മണിക്കൂർ പിന്നിട്ടപ്പോൾ തന്നെ 8.15 ശതമാനം വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

    ഒരു ബൂത്തിൽ മാത്രമാണ് വോട്ടിങ് മെഷീൻ തകരാർ മൂലം പോളിങ് ​വൈകിയത്. അവിടെയും എട്ടുമണിയോടെ പോളിങ് ആരംഭിച്ചു. 

  • 31 May 2022 8:42 AM IST

    തൃക്കാക്കര തന്നെ അംഗീകരിക്കുമെന്ന് ഉമ തോമസ്

    കൊച്ചി: തൃക്കാക്കര തന്നെ അംഗീകരിക്കുമെന്ന് യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ്. ശുഭ പ്രതീക്ഷയുണ്ട്. പി.ടി.യുടെ അടുത്ത് പ്രാർഥിച്ചു. അപ്പക്ക് വേണ്ടിയാണ് നിൽക്കുന്നത്. എല്ലാവരുടെയും മനസിൽ സ്ഥാനമുണ്ടാകണം എന്നായിരുന്നു പ്രാർഥന.

    എല്ലാവരുടെയും മനസിൽ പി.ടി.യുടെ അംഗീകാരം ഉണ്ടാകും. പ്രകൃതി പോലും അനുകൂലമാണ്. മഴയുണ്ടാകരു​തെന്ന് പ്രാർഥിച്ചിരുന്നു. പ്രാർഥന വളരെ വലുതാണ്. ഫലം കാണും. കൂ​ടെപ്രവർത്തിച്ചവരുടെ അധ്വാനത്തിന് ഫലം ഉണ്ടാകും. കലൂർ പള്ളിയിലും പാലാരിവട്ടം ക്ഷേത്രത്തിലും പ്രാർഥിച്ചാണ് വോട്ട് ചെയ്യാൻ ഇറങ്ങുകയെന്നും ഉമ പറഞ്ഞു.

Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrikkakara by election
News Summary - Thrikkakara by election updates
Next Story