താനൂർ: വട്ടത്താണി വലിയപാടത്ത് ട്രെയിൻ തട്ടി പിതാവും മകളും മരിച്ചു. തലക്കടത്തൂർ സ്വദേശി കണ്ടംപുലാക്കൽ അബ്ദുൽ അസീസ് (46), മകൾ അജ്വ മർയം (10) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി 10.45 ഓടെ തിരൂരിനും താനൂരിനും ഇടയിലായിരുന്നു അപകടം. സഹോദരിയുടെ വീട്ടിൽ വന്നതായിരുന്നു ഇരുവരും. അവിടെ നിന്ന് സാധനങ്ങൾ വാങ്ങാൻ മകളുമൊന്നിച്ച് കടയിലേക്ക് പോകുമ്പോൾ റെയിൽപാളം മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം. അസീസിന്റെ ഭാര്യയും മറ്റൊരു മകളും നേരത്തെ അസീസിന്റെ സഹോദരിയുടെ വീട്ടിൽ എത്തിയിരുന്നു. ഇവരെ കൊണ്ടുപോകാൻ കാറിൽ എത്തിയ അസീസ് ഭാര്യക്ക് ഫോൺ ചെയ്ത് താൻ ഇവിടെ എത്തിയിട്ടുണ്ടെന്നും ഉടൻ മടങ്ങാമെന്നും അറിയിച്ചു. ഏറെ കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ റെയിൽവേ പാളത്തിന് സമീപം കാർ കിടക്കുന്നത് കണ്ട് തിരഞ്ഞപ്പോളാണ് ഇരുവരെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്. മംഗലാപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോകുന്ന മദ്രാസ് മെയിൽ ട്രെയിനാണ് തട്ടിയത്. അസീസ് സംഭവസ്ഥലത്തും മകൾ ആശുപത്രിയിലുമാണ് മരിച്ചത്. താനൂർ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തിരൂർ ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി തലക്കടത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽഖബറടക്കി. അബ്ദുൽ അസീസിന്റെ ഭാര്യ: സെമീനത്ത്. മറ്റുമക്കൾ: ഫാത്തിമ ഷെഹസ, ഖൈറ.