വൈക്കം: മാതാവ് വഴക്ക് പറഞ്ഞതിൽ മനം നൊന്ത് വിഷക്കായ കഴിച്ച മറവൻതുരുത്ത് കൊടൂപ്പാടം ചാലുതറയിൽ പരേതനായ വിനോദിന്റെ മകൾ അനുശ്രീ (16) ചികിത്സക്കിടെ മരിച്ചു. പൂത്തോട്ടയിലെ സ്കൂളിൽനിന്ന് പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടിയ അനുശ്രീ പ്ലസ് വൺ പ്രവേശനത്തിന് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയിരുന്നു. മാതാവ് സ്മിത വഴക്കുപറഞ്ഞതിനെത്തുടർന്ന് അനുശ്രീ കഴിഞ്ഞദിവസം വൈകീട്ടാണ് വിഷക്കായ കഴിച്ചത്. വയറുവേദന കലശലായതോടെ ബന്ധുക്കൾ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന്, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ രാത്രി 12ഓടെ എത്തിച്ചപ്പോഴാണ് കുട്ടി വിഷക്കായ കഴിച്ച കാര്യം പറയുന്നത്. വ്യാഴാഴ്ച ഉച്ചയോടെ മരിച്ചു. തടിപ്പണിക്കാരനായിരുന്ന പിതാവ് വിനോദ് അഞ്ചുവർഷം മുമ്പ് ഹൃദയാഘാതം മൂലം മരിച്ചു. മാതാവ് സ്മിത കൂലിപ്പണിയെടുത്താണ് കുടുംബം പോറ്റിയിരുന്നത്. സഹോദരൻ: അർജുൻ. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.