ചാവക്കാട്: ദേശീയപാതയിൽ സൈക്കിളിൽ കാറിടിച്ച് മണത്തല ബേബി റോഡിൽ പരേതനായ പൂക്കോട്ടിൽ ശേഖരെൻറ മകൻ മുരളി (46) മരിച്ചു. ചാവക്കാട് വി.കെ.ജി വെജിറ്റബിൾ ഷോപ്പിലെ ജീവനക്കാരനാണ്. തിങ്കളാഴ്ച പുലർച്ചെ 6.30ഓടെ മണത്തലയിലാണ് അപകടം. സൈക്കിളിൽ ജോലിക്ക് പോവുകയായിരുന്ന മുരളിയെ അതിവേഗത്തിൽ വന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകർ മുതുവട്ടൂർ രാജ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ദേവകി. ഭാര്യ: സരിത. മക്കൾ: ദേവിക, ദേവരാഗ്. ദേശീയ പാതയിൽ ഒരാഴ്ചക്കിടെ രണ്ടാമത്തെ അപകട മരണമാണിത്. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ സൈക്കിളിൽ പത്രവിതരണം നടത്തുകയായിരുന്ന വട്ടേക്കാട് ഷംസു ജില്ല അതിർത്തിയായ കാപ്പിരിക്കാടിനു സമീപം കാറിടിച്ച് മരിച്ചിരുന്നു.