കോട്ടായി: കളിച്ചുകൊണ്ടിരിക്കെ കുളത്തിലെ മണ്ണെടുത്ത കുഴിയിൽ വീണ 12കാരൻ ചികിത്സയിലിരിക്കെ മരിച്ചു. കോട്ടായി-കീഴത്തൂർ മേലേവീട്ടിൽ ജയശ്രീ ദാസ്-പാർവതി ദമ്പതികളുടെ ഇരട്ട മക്കളിൽ ഒരാളായ ശിവജിത് (12) ആണ് തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇരട്ട സഹോദരൻ ശ്രീജിതിനെ രക്ഷപ്പെടുത്തി. ഞായറാഴ്ച ഉച്ചക്ക് 1.30ന് തറവാട് വീടിനു സമീപത്തെ കവറ കുളത്തിലെ വെള്ളമുള്ള കുഴിയിലാണ് രണ്ടു കുട്ടികളും വീണത്. ബഹളം കേട്ട് തറവാട്ടുവീട്ടിലുണ്ടായിരുന്നവർ ഓടിയെത്തി രണ്ടുപേരെയും കരക്കു കയറ്റി ആശുപത്രിയിലെത്തിച്ചു. ഗുരുതരാവസ്ഥയിലായ ശിവജിതിനെ തൃശൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച ഉച്ചയോടെ മരിച്ചു. മൃതദേഹം കോവിഡ് പരിശോധനക്കു ശേഷം തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തി ബുധനാഴ്ച ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ശിവജിതും ശ്രീജിതും പാലക്കാട് സെൻറ് റാഫേൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥികളാണ്.