കടുത്തുരുത്തി: കണ്ടെയ്നർ ലോറിയെ മറികടക്കുന്നതിനിടെ ബൈക്ക് ലോറിക്കടിയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കോട്ടയം- എറണാകുളം റോഡിൽ കുറുപ്പന്തറ ജങ്ഷനുസമീപം കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ മൂവാറ്റുപുഴ കുന്നയ്ക്കാൽ അനിൽ കോളനിയിൽ കാവികുന്നേൽ അയ്യപ്പൻകുട്ടിയുടെ മകൻ അനിലാണ് (31) മരിച്ചത്. എതിരെ വന്ന ലോറിയിൽ ഇടിക്കാതിരിക്കാൻ ബൈക്ക് ബ്രേക്ക് ചെയ്തപ്പോൾ നിയന്ത്രണം വിട്ട് ലോറിക്കടിയിലേക്ക് മറിയുകയായിരുന്നു. മണ്ണുമാന്തി യന്ത്രത്തിെൻറ ഓപറേറ്ററാണ്. സുഹൃത്തിനെ കോതനല്ലൂരിൽ കൊണ്ടുവിട്ടശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. കടുത്തുരുത്തി പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് അനിലിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.