കുമാരനല്ലൂർ: മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ വയോധികൻ ഒഴുക്കിൽപെട്ട് മരിച്ചു. കുമാരനല്ലൂർ അനുപമ വീട്ടിൽ സി.പി. ചന്ദ്രശേഖരൻ നായരാണ് (78) മരിച്ചത്. ശനിയാഴ്ച വൈകീട്ട് ആറോടെ വീടിന് സമീപത്തെ കടവിൽ കുളിക്കാനിറങ്ങിയപ്പോൾ കാൽവഴുതി വീഴുകയായിരുന്നു. ആറ്റിലൂടെ ഒരാൾ ഒഴുകിപ്പോകുന്നതായി സമീപവാസിക്ക് സംശയം തോന്നിയതിനെത്തുടർന്ന് വീടിെൻറ ടെറസ്സിൽനിന്ന് വിഡിയോയിൽ ദൃശ്യം പകർത്തി അഗ്നിരക്ഷാസേനക്കും പൊലീസിനും അയച്ചുകൊടുത്തു.തുടർന്ന് പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തിരച്ചിൽ നടത്തി. വെളിച്ചക്കുറവും പ്രതികൂല കാലാവസ്ഥയുംമൂലം പിന്നീട് തിരച്ചിൽ നിർത്തി. ഇന്നലെ രാവിലെ തുടർന്ന തിരച്ചിലിൽ അപകടം നടന്ന സ്ഥലത്തുനിന്ന് 200 മീ. താഴെനിന്നാണ് വൈകീട്ട് നാേലാടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മൃഗസംരക്ഷണ വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു ചന്ദ്രശേഖരൻ നായർ. എഴുമാന്തുരുത്ത് ചങ്ങനാശ്ശേരി കുറ്റേൽ കുടുംബാംഗമാണ്. ഭാര്യ: കുമാരനല്ലൂർ ദേവീവിലാസം ഹൈസ്കൂൾ റിട്ട. അധ്യാപിക കെ. രാധാമണി. മക്കൾ: അനൂപ് (ഇൻസ്ട്രക്ടർ ഗവ. ഐ.ടി.ഐ, ഏറ്റുമാനൂർ), അനീഷ് (മെക്കാനിക്കൽ എൻജിനീയർ, ബംഗളൂരു). മരുമക്കൾ: ശുഭ ആർ. കർത്ത (അധ്യാപിക, ഗവ. യു.പി.എസ് കുമാരനല്ലൂർ), വിദ്യ വേണുഗോപാൽ (ബംഗളൂരു).