കോട്ടയം: കവിയും ഗാനരചയിതാവുമായ താഴത്തങ്ങാടി തളിയിൽക്കോട്ട മധുക്കൽ വീട്ടിൽ എം.എസ്. വാസുദേവൻ (86) നിര്യാതനായി. നിരവധി നാടകങ്ങൾക്ക് പാട്ടെഴുതിയ ഇദ്ദേഹം ഒട്ടേറെ ഭക്തിഗാനങ്ങളും രചിച്ചു. ‘കരിവളയിട്ട കൈയിൽ കുടമുല്ലപ്പൂക്കളുമായി കരിമിഴിയാളെ നീ വരുമോ’ എന്ന ഗാനമാണ് കൂടുതൽ ശ്രദ്ധേയനാക്കിയത്. യേശുദാസ് പാടിയ ആ ഗാനം ‘ദിവ്യബലി’ എന്ന നാടകത്തിന് വേണ്ടിയാണ് രചിച്ചത്. ജോസ്പ്രകാശ് തുടങ്ങിയ പീപ്പിൾസ് സ്റ്റേജ് ഓഫ് കേരള എന്ന നാടകസമിതിയിലെ ‘സാത്താൻ ഉറങ്ങുന്നില്ല’, പൊൻകുന്നം വർക്കിയുടെ വിലകുറഞ്ഞ മനുഷ്യൻ, ചലനം, ശരം, എസ്.എൽ പുരം സദാനന്ദെൻറ ‘ഒരാൾകൂടി കള്ളനായി’ തുടങ്ങിയ നാടകങ്ങൾക്കുവേണ്ടിയും ഗാനങ്ങളെഴുതി. സി.പി.എം തളിയിൽക്കോട്ട ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ഭാര്യ: പരേതയായ ലീല. മക്കൾ: ലേഖ, രേണു, അരവിന്ദൻ. മരുമക്കൾ: മോഹനൻ, സുരേഷ്, ശ്രീജ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.