ചങ്ങനാശ്ശേരി: റോഡരികിൽ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ തട്ടി ഷോക്കേറ്റ് തമിഴ്നാട് സ്വദേശി മരിച്ചു. തിരുനെൽവേലി സ്വദേശി ചുടലൈയാണ് (61) മരിച്ചത്. വ്യാഴാഴ്ച പുലർച്ചയായിരുന്നു സംഭവം. മാർക്കറ്റ് ഭാഗത്ത് സൈക്കിളിൽ ചായക്കച്ചവടം നടത്തുന്നയാളാണ്. പുലർച്ച കച്ചവടത്തിനായി താമസസ്ഥലമായ വാഴപ്പള്ളി കണ്ണൻ നിവാസിൽനിന്ന് വരുന്ന വഴി മാർക്കറ്റ് ഭാഗത്ത് ഭാരത് ഹോട്ടലിനോട് ചേർന്ന് പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. ചങ്ങനാശ്ശേരി പൊലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം ചങ്ങനാശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: നന്ദിനി (നാച്ചിയാർ). മക്കൾ: കണ്ണൻ, ഇന്ദു കുമാർ, സതികുമാർ.