അടൂർ: ആധ്യാത്മിക പ്രഭാഷകനും ദേവീഭാഗവത നവാഹാചാര്യനും ഗീത പ്രഭാഷകനുമായ പറക്കോട് എൻ.വി. നമ്പ്യാതിരി ഓർമയായി. നിരവധി ആധ്യാത്മിക ഗ്രന്ഥങ്ങളുടെ രചയിതാവും അധ്യാപകശ്രേഷ്ഠനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്നു .പത്തനംതിട്ട മൈലപ്ര ഊരകത്ത് ഇല്ലത്ത് ജനിച്ച അദ്ദേഹം, ബന്ധുവായ ശ്രീമദ് ആഗമാനന്ദ സ്വാമികളോടൊപ്പം കാലടി ശ്രീരാമകൃഷ്ണാശ്രമത്തിൽ ആധ്യാത്മിക മണ്ഡലത്തിൽ കർമനിരതനായിരുന്നു. തുടർന്ന് പറക്കോട് ടീച്ചേഴ്സ് ട്രെയിനിങ് സ്കൂളിൽ അധ്യാപകനായി 1986ൽ വിരമിച്ചു. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷനിൽ ധാരാളം പുസ്തകരചനകളിൽ പങ്കാളിയായിരുന്നു. കേരള സർക്കാർ പാഠപുസ്തക കമ്മിറ്റിയിൽ നിരവധി തവണ അംഗമായിരുന്നു. ലക്ഷദ്വീപിലെ മലയാളം പാഠ്യപദ്ധതി തയാറാക്കുന്നതിലും മുഖ്യപങ്ക് വഹിച്ച അദ്ദേഹം, ആകാശവാണിയുടെ വിദ്യാഭ്യാസ പരിപാടികളിലെ സജീവ സാന്നിധ്യമായിരുന്നു. ഔദ്യോഗിക ജീവിത്തിൽനിന്ന് വിരമിച്ച ശേഷം ആധ്യാത്മിക ഗ്രന്ഥരചനയിലും പ്രഭാഷണങ്ങളിലും യജ്ഞങ്ങളിലും മുഴുകി. ആശ്ചര്യചൂഡാമണി, ദേവിഭാഗവതം കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. ഭാഗവത പ്രവേശിക, ശ്രീരാമകൃഷ്ണ പരമഹംസർ, ശ്രീശങ്കരാചാര്യർ എന്നീ കൃതികളുടെ രചയിതാവ് കൂടിയായ ഇദ്ദേഹത്തിന് തിരുവിതാംകൂർ ദേവസ്വം ബോർഡിെൻറ വേദശ്രീ പുരസ്കാരം, സിദ്ധിനാഥാനന്ദ പുരസ്കാരം, 2020ൽ അഖില ഭാരത ഭാഗവതസത്ര സമിതിയുടെ മള്ളിയൂർ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.പ്രമുഖ ഗാന്ധിയനും ടാഗോറിെൻറ ശിഷ്യനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന കേശവൻ നമ്പ്യാതിരിയുടെ മകൾ പരേതയായ ഭവാനിയമ്മയാണ് ഭാര്യ. വി. രഘുനാഥ്, വി. രാജീവ് (സെൻട്രൽ യൂനിവേഴ്സിറ്റി കാസർകോട്) എന്നിവർ മക്കളാണ്.