നിയന്ത്രണംവിട്ട കാര്‍ ട്രെയിലറിനു പിന്നിലിടിച്ചുനിന്നു
ചങ്ങനാശ്ശേരി: കാര്‍ ഓടിക്കേ ഹൃദയാഘാതം സംഭവിച്ച് വൈദികന് മരിച്ചു. തിരുവല്ല കാരയ്ക്കല്‍ പാടത്തുകാട്ടില്‍ വീട്ടില്‍ ഫാ. മോന്‍സി പി. ചാക്കോയാണ് (45) മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 1.30ഓടെ ചങ്ങനാശ്ശേരി വാഴൂര്‍ റോഡില്‍ റെയില്‍വേ മേല്പാലത്തിലാണ് സംഭവം. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍ പറഞ്ഞതായും പോസ്റ്റ്മോര്‍ട്ടത്തിനുശേഷമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയൂവെന്നും പൊലീസ് പറഞ്ഞു. തിരുവല്ലയില്‍നിന്ന് എത്തിയ വൈദികന് ചങ്ങനാശ്ശേരി ബൈപാസ് റോഡിലെ റെയില്‍വേ ജങ്ഷനില്‍നിന്ന് വാഴൂര്‍ റോഡിലേക്ക് പ്രവേശിച്ചപ്പോള്‍ ഹൃദയാഘാതം ഉണ്ടാവുകയും നിയന്ത്രണംവിട്ട കാര്‍ എതിര്‍ദിശയില്‍ സിഗ്നല്‍ കാത്തുകിടന്ന ട്രെയിലറിനുപിന്നില് ഇടിച്ചുനില്ക്കുകയുമായിരുെന്നന്ന് പൊലീസ് പറഞ്ഞു. അപകടത്തെതുടര്‍ന്ന് ഓടിക്കൂടിയവര്‍ വാഹനത്തില്‍നിന്ന് വൈദികനെ പുറത്തെടുത്ത് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മലങ്കര ഓര്‍ത്തഡോക്സ് സഭ കൊച്ചി ഭദ്രാസനത്തിലെ വൈദികനായ ഫാ. മോന്‍സി പി ചാക്കോ എല്ലാ ആഴ്ചയും തിരുവല്ലയിലെ വീട്ടില്‍നിന്ന് വികാരിയായി സേവനം അനുഷ്ഠിക്കുന്ന കൊരട്ടി സെൻറ് കുര്യാക്കോസ് സീയോന് സെമിനാരി ഓര്‍ത്തഡോക്സ് പള്ളിയില്‍ കുര്‍ബാനക്ക് എത്തും. ഞായറാഴ്ച കുര്‍ബാനയും കഴിഞ്ഞാണ് തിരികെ വീട്ടിലേക്ക് മടങ്ങാറുള്ളത്. സംഭവ ദിവസവും പള്ളിയിലേക്ക് പോകവേയാണ് അപകടം. സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഭാര്യ: ദുബൈയില്‍ നഴ്സായ ലിന്‍സു. മക്കള്‍: ആനറ്റ്, ആരോണ്‍. സംസ്കാരം പിന്നീട്.