കോട്ടയം: കാറ്റിൽ വാതിൽ അടഞ്ഞതിനെത്തുടർന്ന് 10 വയസ്സുകാരൻ ട്രെയിനിൽ നിന്ന് തെറിച്ചുവീണ് മരിച്ചു. മലപ്പുറം മമ്പാട് പുള്ളിപ്പാടം കുണ്ടൻതൊടിക സിദ്ദീഖ്- ജസ്ന ദമ്പതികളുടെ മകൻ മുഹമ്മദ് ഇഷാനാണ് രാജ്യറാണി എക്സ്പ്രസിൽനിന്ന് വീണു മരിച്ചത്. തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് അപകടം. ജസ്നയുടെ അനുജത്തിയുടെ വിവാഹത്തോടനുബന്ധിച്ച സ്വീകരണത്തിന് തിരുവനന്തപുരത്തുപോയി മടങ്ങുകയായിരുന്നു ബന്ധുക്കളടങ്ങിയ 16 അംഗ സംഘം. സിദ്ദീഖും ഗർഭിണിയായതിനാൽ ജസ്നയും ഇവർക്കൊപ്പം ഉണ്ടായിരുന്നില്ല. മൂലേടം മാടമ്പുകാട് ഭാഗത്തെത്തിയപ്പോൾ ഉമ്മയുടെ ജ്യേഷ്ഠത്തിക്കൊപ്പം ശുചിമുറിയിലേക്ക് പോയതായിരുന്നു കുട്ടി. ആളുണ്ടായിരുന്നതിനാൽ വാതിലിനോട് ചേർന്നുള്ള ശുചിമുറിക്ക് പുറത്ത് കാത്തുനിന്നു. ഇതിനിടെ, കാറ്റിൽ വാതിൽ വന്നടഞ്ഞതോടെ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. ഉമ്മയുടെ ജ്യേഷ്ഠത്തി കൈയിൽ പിടിക്കാൻ ശ്രമിച്ചെങ്കിലും വിട്ടുപോയി. ഉടൻ ചങ്ങല വലിച്ച് ട്രെയിൻ നിർത്തി. നാട്ടുകാരും ബന്ധുക്കളും മറ്റ് യാത്രക്കാരും ചേർന്ന് നടത്തിയ തിരച്ചിലിൽ പ്രദേശത്തെ കലുങ്കിനടിയിൽനിന്ന് ജസ്നയുടെ പിതാവ് അലവി കുട്ടിയെ കണ്ടെത്തി. ആ സമയം ജീവെൻറ തുടിപ്പുണ്ടായിരുന്നു. റോഡിനോടുചേർന്ന പ്രദേശമല്ലാത്തതിനാൽ വാഹനം കിട്ടാൻ വൈകി. പ്രദേശവാസിയുടെ വാഹനത്തിൽ ജില്ല ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ. മമ്പാട് ജി.എച്ച്.എസിലെ അഞ്ചാംക്ലാസ് വിദ്യാർഥിയാണ് മുഹമ്മദ് ഇഷാൻ. സഹോദരി: ഫാത്തിമ ലിയാന (ഒന്നാം ക്ലാസ്).