കോട്ടയം: മകളുടെ വിവാഹ നിശ്ചയത്തലേന്ന് പിതാവ് വാഹനാപകടത്തിൽ മരിച്ചു. പാമ്പാടി അരീപ്പറമ്പ് പൊടിമറ്റം മാരാംപറമ്പിൽ സാം മാത്യുവാണ് (സാംകുട്ടി-49) മരിച്ചത്. ബുധനാഴ്ച രാവിലെ ഏഴിന് അരീപ്പറമ്പ്-തോട്ടപ്പള്ളി റോഡിൽ അരീപ്പറമ്പ് മരോട്ടിപ്പുഴ സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിക്കു സമീപമായിരുന്നു അപകടം. മൂത്തമകൾ ടീനയുടെ വിവാഹ നിശ്ചയം വ്യാഴാഴ്ച നടത്താനിരിക്കുകയായിരുന്നു. ബന്ധു വാങ്ങിയ കാറിൽ ഡ്രൈവിങ് പരിശീലനത്തിന് സഹായിയായി പോയതായിരുന്നു സാകുട്ടിയെന്ന് ബന്ധുക്കൾ പറയുന്നു. നിയന്ത്രണം വിട്ട് കാർ റോഡരികിലെ മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ഇടതുഭാഗത്തിരുന്ന സാംകുട്ടിയുടെ തലക്ക് ഗുരുതര പരിക്കേറ്റു. ഉടൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ െകാണ്ടുപോയെങ്കിലും മരണപ്പെടുകയായിരുന്നു. വ്യാഴാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റും. സംസ്കാരം പിന്നീട്. പൊടിമറ്റം കവലയിൽ ധാന്യങ്ങൾ പൊടിച്ചുനൽകുന്ന മിൽ നടത്തിവരുകയായിരുന്നു. ഭാര്യ: ഞാലിയാകുഴി കീച്ചേരിൽ ലീന. മറ്റ് മക്കൾ: അനീന, ജസ്റ്റിൻ.