എടവണ്ണ: സൗദിയിലേക്ക് പോകാനായി ദുബൈയിൽ എത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. എടവണ്ണ ഒതായി വെള്ളച്ചാലിലെ കാഞ്ഞിരാല ഉസ്സൻ ബാപ്പുവിെൻറ മകൻ നൗഫൽ ബാബുവാണ്(കൊച്ചു-36) മരിച്ചത്. 10 മാസം മുമ്പ് നാട്ടിലെത്തിയ നൗഫൽ ബാബു ഒക്ടോബർ ഒന്നിന് നാട്ടിൽ നിന്ന് സൗദിയിലേക്ക് ദുബൈ വഴി പുറപ്പെട്ടത്. ക്വാറൻറയിൻ കാലാവധി പൂർത്തിയാക്കി ഞായറാഴ്ച രാത്രിയോടെ യു.എ.ഇയിൽ നിന്ന് സൗദിയിലേക്ക് പുറപ്പെടേണ്ടതായിരുന്നു. ലഗേജ് കെട്ടി കുട്ടുകാരുമൊത്ത് ഉച്ചഭക്ഷണം കഴിച്ച് റൂമിൽ വിശ്രമിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയും ആശുപത്രിയിൽ എത്തുന്നതിനു മുമ്പു തന്നെ മരിക്കുകയുമായിരുന്നു. എടവണ്ണയിൽ ജി.ടെക് കമ്പ്യൂട്ടർ കേന്ദ്രം നടത്തിയിരുന്ന നൗഫൽ ബാബു വർഷങ്ങളായി ജിദ്ദയിലെ ഐ.ടി കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. ഒ.സി.ഡബ്ലിയു.സി ജിദ്ദ ജനറൽ സെക്രട്ടറി, ഒ.സി.ജി.പി.എ പ്രവർത്തക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. ജിദ്ദ ഇസ്ലാഹി സെൻറർ ടെക്നിക്കൽ സപ്പോർട്ടറും കെ.എം.സി.സി സജീവ പ്രവർത്തകനുമായിരുന്നു. മാതാവ്: സി.എച്ച്. ഫാത്തിമക്കുട്ടി. ഭാര്യ: ഫർസാന (ചെറുകോട്). മക്കൾ: ഹെബിൻ (ബച്ചു), ആദി ദിഹാൻ. സഹോദരങ്ങൾ: സുൽഫീക്കർ ഒതായി (അമൃത ടി.വി റിപ്പോർട്ടർ സൗദി), ഹബീബ് (ജിദ്ദ), ശബീർ (റിയാദ്), നദീറ (മരുത), സമീന (പാണ്ടിക്കാട്), റുക്സാന (കല്ലരട്ടിക്കൽ), നബീല (മാമാങ്കര). ദുബൈയിലെ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് ഒതായി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.