കളമശ്ശേരി: ദേശീയപാതയിൽ മെട്രോ തൂണിൽ കാറിടിച്ച് യുവാവ് മരിച്ചു. കാർ ഓടിച്ചിരുന്ന മലപ്പുറം എടവണ്ണ പോത്ത് വെട്ടി എരിയാടിൽ കരിപ്പാലി അബ്ദുൽ അലിയുടെ മകൻ ഷാഹിദാണ് (24) മരിച്ചത്. എറണാകുളം കാക്കനാട് എം.ജി.എസ് ലോജിസ്റ്റിക് ജീവനക്കാരനാണ്. പുലർച്ച മൂന്നരയോടെ ദേശീയപാതയിൽ എച്ച്.എം.ടി ജങ്ഷനിലേക്ക് തിരിയുന്ന ഭാഗത്തെ മെട്രോ തൂണിലാണിടിച്ചത്. കാക്കനാട് ഐ.ടി ജീവനക്കാരെ വീടുകളിൽ എത്തിച്ച് മടങ്ങുംവഴിയാണ് അപകടം. യാത്രക്കിടെ കാർ നിയന്ത്രണംവിട്ട് തൂണിൽ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. മാതാവ് ഖമറുണ്ണീസ (ജി.യു.പി സ്കൂൾ പത്തപ്പിരിയം). സഹോദരിമാർ: ഷാദിയ, ഷർമിന, ഷഹ്മ.