ചങ്ങനാശ്ശേരി: തൃക്കൊടിത്താനം കിളിമല എസ്.എൻ.ഡി.പി ശ്മശാനത്തിന് സമീപം രണ്ടുപേരെ മരിച്ചനിലയിൽ കണ്ടെത്തി. പായിപ്പാട് അടവിച്ചിറ സ്വദേശികളായ കുമ്പവേലി കുന്നത്തുവീട്ടിൽ സുനിൽകുമാർ (48), അടവിച്ചിറ ചിറയിൽ വീട്ടിൽ സത്യൻ (45) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച പുലർച്ചയായിരുന്നു സംഭവം. സത്യൻ അപ്ഹോൾസ്റ്ററി ജോലിക്കാരനും സുനിൽ മരംവെട്ട് തൊഴിലാളിയുമാണ്. ഇരുവരും ബന്ധുക്കളും അയൽവാസികളുമാണെന്ന് പൊലീസ് പറഞ്ഞു.
എസ്.എൻ.ഡി.പി ശ്മശാനത്തിന് സമീപത്തെ മരത്തിൽ സുനിലിനെ തൂങ്ങിമരിച്ച നിലയിലും സത്യനെ സമീപത്തെ ആയിത്തു മുണ്ടകപ്പാടശേഖരത്തിന് സമീപത്തെ തോട്ടിൽ മുങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സമീപത്തെ കൃഷിയിടത്തിൽ എത്തിയ പ്രദേശവാസികളാണ് വിവരം തൃക്കൊടിത്താനം പൊലീസിനെ അറിയിച്ചത്. സി.ഐ അജീബിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കൂവെന്നും മരണകാരണം വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു. വിരലടയാള വിദഗ്ധരും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
സിന്ധുവാണ് മരിച്ച സത്യെൻറ ഭാര്യ. മക്കൾ: സന്ദീപ്, നന്ദിത (ഇരുവരും വിദ്യാർഥികൾ). ശ്രീനിയാണ് മരിച്ച സുനിലിെൻറ ഭാര്യ. സുനിൽ ആദ്യ ഭാര്യയുമായി വിവാഹമോചനം നേടിയിരുന്നെന്നാണ് ബന്ധുക്കൾ പറയുന്നത്. ആദ്യത്തെ ഭാര്യക്കും മക്കൾക്കും ചെലവിന് നൽകണമെന്ന് അടുത്തിടെ കോടതി വിധിച്ചിരുന്നതായും പറയുന്നു.