പൊൻകുന്നം: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ സ്കൂട്ടർ യാത്രികൻ മരിച്ചു. പൊൻകുന്നം പാട്ടുപാറ തോണിക്കുഴിയിൽ തോമസാണ് (ബേബി -64) മരിച്ചത്. ഞായറാഴ്ച രാത്രി ദേശീയപാതയിൽ കെ.വി.എം.എസ് കവലക്ക് സമീപമുണ്ടായ അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ചയാണ് മരിച്ചത്. സഹോദരപുത്രൻ തോണിക്കുഴിയിൽ ജസ്റ്റിെൻറ സ്കൂട്ടറിൽ പൊൻകുന്നം അരവിന്ദ ആശുപത്രിയിൽ മരുന്നുവാങ്ങാൻ പോയി മടങ്ങവേയാണ് അപകടം. സ്കൂട്ടറോടിച്ചിരുന്ന ജസ്റ്റിൻ സാരമായ പരിക്കുകളോടെ ചികിത്സയിലാണ്. ഇവർ സഞ്ചരിച്ച സ്കൂട്ടർ ദേശീയപാതയിലെ കുഴിയൊഴിവാക്കി കടന്നുപോകാൻ ശ്രമിക്കുന്നതിനിടെ എതിരെയെത്തിയ കാറിടിക്കുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇടുക്കി പുളിയന്മല സ്വദേശിയായ വീട്ടമ്മയും ബന്ധുക്കളും സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. സ്കൂട്ടറിലിടിച്ച് നിയന്ത്രണംവിട്ട കാർ കീഴ്മേൽ മറിഞ്ഞ് കാർ യാത്രക്കാർക്കും പരിക്കേറ്റിരുന്നു.