നിലമ്പൂർ: യന്ത്രം ഉപയോഗിച്ച് തേങ്ങ ഇടാനുള്ള ശ്രമത്തിനിടെ തെങ്ങ് കടപുഴകി വീണ് യുവാവ് മരിച്ചു. വഴിക്കടവ് ആനപ്പാറ നറുക്കുംപൊട്ടി പൂപ്പറ്റ റാഷിദാണ് (31) മരിച്ചത്. ബുധനാഴ്ച രാവിലെ വീടിന് സമീപമുള്ള തോട്ടത്തില്‍ കൂലിക്ക് തേങ്ങ ഇടാൻ പോയതായിരുന്നു. യന്ത്രം ഉപയോഗിച്ച് തെങ്ങിെൻറ മുകളില്‍ എത്തിയെങ്കിലും അടിവശം ജീര്‍ണിച്ച തെങ്ങ് കടപുഴകി വീഴുകയായിരുന്നു. മറ്റ് മരങ്ങളില്‍ തട്ടി സാവധാനമാണ് തെങ്ങ് നിലം പതിച്ചത്. ശരീരത്തില്‍ യന്ത്രം ബന്ധിപ്പിച്ചിരുന്നതിനാല്‍ ചാടി രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. റാഷിദിെൻറ ദേഹത്തേക്കാണ് തെങ്ങ് വീണത്. നാട്ടുകാര്‍ ചേര്‍ന്ന് മരം വെട്ടി മാറ്റി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വ്യാഴാഴ്ച പുലര്‍ച്ച മരിച്ചു.സൗദിയില്‍നിന്ന് നാലുമാസം മുമ്പാണ് റാഷിദ് നാട്ടിലെത്തിയത്. അവധിക്ക് വന്നതാണെങ്കിലും ബസ് ഡ്രൈവറായും കൂലിക്ക് തേങ്ങ ഇടാനും പോകുമായിരുന്നു. അവധി കഴിഞ്ഞ് നവംബര്‍ മൂന്നിന് ഗള്‍ഫിലേക്ക് പോകാനുള്ള ഒരുക്കങ്ങള്‍ക്കിടയിലാണ് അപകടം. ഭാര്യ: ബാദിറ. മകള്‍: റന ഫാത്തിമ. പിതാവ്: മുഹമ്മദ്. മാതാവ്: പാത്തുമ്മ. സഹോദരന്: സാദിഖ്. ആനപ്പാറ ജുമാമസ്ജിദ് ഖബർസ്ഥാനില്‍ വ്യാഴാഴ്ച വൈകീട്ട് ഖബറടക്കി.