അങ്ങാടിപ്പുറം: വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ അങ്ങാടിപ്പുറം സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു. ചെരക്കാപറമ്പ് വലിയവീട്ടിൽപടിയിലെ കോലോത്തൊടി സുരേന്ദ്രൻ (51) ആണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. വൃക്ക മാറ്റി വെക്കൽ ശസ്ത്രക്രിയക്കായി അഡ്മിറ്റായ ശേഷം പനിയും തുടർന്ന് കോവിഡും സ്ഥിരീകരിച്ചതോടെ അത്യാസന്ന നിലയിലായിരുന്നു. ശനിയാഴ്ച രാവിലെ ഒമ്പതോടെയാണ് മരിച്ചത്. അങ്ങാടിപ്പുറത്ത് ഓട്ടോ തൊഴിലാളിയായിരുന്ന സുരേന്ദ്രന് നാട്ടുകാരും സുഹൃത്തുക്കളും ചികിത്സ സമിതി രൂപവത്കരിച്ച് ഫണ്ട് സമാഹരിച്ചായിരുന്നു ചികിത്സ തേടിയത്. സംസ്കാരം അങ്ങാടിപ്പുറം നീലീശ്വരം ശശ്മശാനത്തിൽ നടന്നു. പരേതരായ ചായിച്ചെൻറയും കാർത്യായനിയുടെയും ഏക മകനാണ്. ഭാര്യ: ശ്രീദേവി. മക്കൾ: സന്ദീപ്, സഞ്ജയ്, സംഗീത്. മരുമകൾ: ആതിര.