വളാഞ്ചേരി: ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. സ്കൂട്ടർ യാത്രക്കാരനായ വലിയകുന്ന് പാണ്ട്യാലത്തൊടി വീട്ടിൽ ശിവൻ (66) ആണ് മരിച്ചത്. ബൈക്ക് യാത്രക്കാരനായ തിരുവേഗപ്പുറ നടുവട്ടം സ്വദേശി മേലേതിൽ ദീപകിനെ (24) പരുക്കുകളോടെ വളാഞ്ചേരിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 9.30ഓടെ ആയിരുന്നു അപകടം. കോട്ടപ്പുറം പെട്രോൾ പമ്പിൽ നിന്ന് വളാഞ്ചേരി-പട്ടാമ്പി റോഡിലേക്ക് ഇറങ്ങിയ സ്കൂട്ടറിൽ വലിയകുന്ന് ഭാഗത്തു നിന്ന് അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ അതുവഴി വരികയായിരുന്ന ആംബുലൻസിൽ പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ വളാഞ്ചേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശിവനെ രക്ഷിക്കാനായില്ല. മഞ്ചേരി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ചൊവ്വാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: തങ്കം. മക്കൾ: സുധീഷ്, സുനിത. മരുമക്കൾ: നിഷ, ശിവദാസൻ.