ചങ്ങനാശ്ശേരി: വീട്ടിൽ മുറിവേറ്റനിലയിൽ കണ്ട യുവാവ് മരിച്ചു. തൃക്കൊടിത്താനം പുലിക്കോട്ടുപടി മേത്തശ്ശേരിയിൽ എം.ഡി. തോമസിെൻറ മകൻ ടോണി തോമസാണ് (44) മരിച്ചത്. ശനിയാഴ്ച പുലർച്ച മൂന്നോടെയാണ് സംഭവം. മുറിയിൽ ലൈറ്റ് തെളിഞ്ഞുകിടക്കുന്നത് ശ്രദ്ധയിൽപെട്ട ടോണിയുടെ മാതാവ് ഗ്രേസിയമ്മ മുറിയിൽ ചെന്നുനോക്കിയപ്പോഴാണ് വയറിന് മുറിവേറ്റനിലയിൽ കണ്ടത്.
തുടർന്ന്, ടോണിയെ ബൈക്കിൽ സഹോദരൻ നാലുകോടി സെൻറ് റീത്താസ് ആശുപത്രിയിൽ എത്തിച്ചു. മുറിവ് കാര്യമായി ഇല്ലാതിരുന്നതിനാൽ, പ്രാഥമിക ചികിത്സ നൽകി വിട്ടു. തിരികെ വീട്ടിലേക്ക് മടങ്ങവെ കിളിമല ഭാഗത്തുവെച്ച് രക്തസ്രാവമുണ്ടായി. തുടർന്ന് ആശുപത്രിയിൽ എത്തിക്കാൻ തൃക്കൊടിത്താനം പൊലീസിൽ വിവരമറിയിച്ചു. തുടർന്ന്, പൊലീസെത്തി ജീപ്പിൽ ടോണിയെ ഉടൻ സെൻറ് റീത്താസ് ആശുപത്രിയിൽ വീണ്ടും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നാലുകോടി സെൻറ് റീത്താസ് ആശുപത്രി മോർച്ചറിയിൽ.
വിദേശത്തായിരുന്ന ടോണി കോവിഡും ലോക്ഡൗണും മൂലമാണ് നാട്ടിൽ തിരികെ എത്തിയത്. ജോലി നഷ്ടമായതിനെത്തുടർന്ന് തിരികെ വിദേശത്തേക്ക് പോകാൻ കഴിയാതിരുന്നത് മാനസികമായി തളർത്തിയിരുന്നതായി ബന്ധുക്കൾ പറയുന്നു.
മൃതദേഹം ഞായറാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംസ്കാരം ഞായറാഴ്ച വൈകീട്ട് 3.30ന് തൃക്കൊടിത്താനം സെൻറ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ. മാതാവ്: ഗ്രേസിയമ്മ തോമസ് (റിട്ട.നോൺ ടീച്ചിങ് സ്റ്റാഫ്, അസംപ്ഷൻ കോളജ്). സഹോദരങ്ങൾ: ടോജി, ടോബി, ടോമി, ടിജോ.